ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പദ്‌മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് പദ്‌മജ ബിജെപി അംഗത്വം സ്വീകരിച്ചത്. കേരളത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവദേക്കാറാണ് പദ്‌മജയെ അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്(Padmaja joins BJp). നേരത്തെ പദ്‌മജ ബിജെപി നേതാക്കളായ പ്രകാശ് ജാവദേക്കറുമായും അരവിന്ദ് മേനോനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു(Modi Leadership).
വളരെ സന്തോഷത്തോടെ പദ്‌മജയെ താന്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. തനിക്ക് ഇതൊരു വൈകാരിക മുഹൂര്‍ത്തമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രം സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചിലേറെ പേര്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള തന്‍റെ ബന്ധം വര്‍ഷങ്ങളായി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പദ്‌മജ പറഞ്ഞു. പലവട്ടം പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ യാതൊരു നടപടികളുമുണ്ടായില്ല. പിന്നീട് തനിക്ക് ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് അവസരം പോലും ഉണ്ടായില്ല. തന്‍റെ പിതാവിന് പാര്‍ട്ടിയില്‍ നിന്നുണ്ടായ അവഗണന തനിക്കും ഇപ്പോള്‍ നേരിടേണ്ടി വന്നു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഒരു നേതാവില്ലെന്നും പദ്‌മജ ചൂണ്ടിക്കാട്ടി.
മോദി ശക്തനായ നേതാവാണെന്നും ആ ഒരൊറ്റക്കാരണം കൊണ്ടാണ് താന്‍ ഈ പാര്‍ട്ടിയിലേക്ക് വന്നതെന്നും പദ്‌മജ പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പദ്‌മജ വേണുഗോപാല്‍ പറയുമ്പോഴും ഗവര്‍ണര്‍ പദവിയടക്കം ചര്‍ച്ചയിലുണ്ടെന്നാണ് സൂചന. ചാലക്കുടിയില്‍ മത്സരിപ്പിക്കുന്നതിലും ആലോചനകളുണ്ട്. ചാലക്കുടിയിൽ പദ്‌മജ മത്സരിക്കുകയാണെങ്കില്‍ ചാലക്കുടി സീറ്റ് ബിജെപിയെടുത്ത് എറണാകുളം സീറ്റ് ബിഡിജെഎസിന് നല്‍കിയേക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പദ്‌മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനം കോൺഗ്രസിന് കനത്ത ആഘാതമാണ് നല്‍കിയത്. ലീഡറുടെ മകൾ വരെ ബിജെപിയിലേക്ക് ചേക്കേറുമ്പോള്‍ വിശ്വാസ്യത പോകുന്നു എന്നതാണ് പാർട്ടി നേരിടുന്ന വലിയ പ്രതിസന്ധി. പദ്‌മജക്ക് നൽകിയ സ്ഥാനമാനങ്ങൾ എണ്ണിപ്പറഞ്ഞ് ചതിച്ചെന്ന് പറഞ്ഞ് നേരിടാനാണ് കോൺഗ്രസ് നീക്കം.
Also Read: പത്മജ ബിജെപിയിലേക്ക് ; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും