തിരുവനന്തപുരം : പലരും ഒന്ന് വൃത്തിയാക്കാൻ പോലും ടെറസിൽ കയറാൻ മടിക്കുന്ന ഇന്നത്തെ കാലത്ത് മട്ടുപ്പാവ് കൃഷി ചെയ്‌ത് ജനശ്രദ്ധയും മാധ്യമശ്രദ്ധയും പിടിച്ചുപറ്റിയ ഒരു കർഷകനുണ്ട് തിരുവനന്തപുരത്ത്, രവീന്ദ്രൻ. കാച്ചിൽ രവീന്ദ്രൻ എന്ന് പറയുന്നതാകും കൂടുതൽ ഉചിതം. ഏറ്റവും വലിയ കാച്ചിൽ കിഴങ്ങ് കൃഷി ചെയ്തെടുത്ത് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ അദ്ദേഹം തന്‍റെ പേര് ചേർത്തിട്ടുണ്ട്.
ഉള്ളൂർ ദേശീയപാതയ്ക്ക് സമീപം 50 മീറ്റർ മാറി നഗര ഹൃദയത്തിൽ ഒരു വീടും കൃഷിയുമെല്ലാമായി രവീന്ദ്രൻ ചേട്ടന്‍റെ ജീവിതം പച്ചപുതച്ച് കിടക്കുകയാണ്. വീട് ഒരുക്കുമ്പോൾ കർഷകനായ രവീന്ദ്രന് സ്ഥല പരിമിതി ഒരു പ്രശ്‌നമായി തോന്നിയില്ല. മട്ടുപ്പാവിനെ പുരയിടമാക്കി പൊന്നു വിളയിച്ചു ഈ കർഷകൻ. കഴിഞ്ഞ കുറച്ച് നാളുകളായി കൃഷിയിൽ നിന്ന് ഒരല്‍പ്പം വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. മട്ടുപ്പാവിൽ പന്തലിപ്പിച്ച കോവയ്ക്ക ചെടിക്ക് കൂടുതൽ പടർന്നു കയറാനുള്ള മാർഗങ്ങൾ ഒരുക്കുന്നതിനിടെ ഒന്നാം നിലയിൽ നിന്നും താഴേക്ക് പതിച്ചു. വർഷങ്ങളുടെ ചികിത്സയ്ക്കുശേഷം പഴയ ഊർജം വീണ്ടെടുത്തു തിരിച്ചെത്തിയ രവീന്ദ്രന് ഇത്തവണയും കൃഷിയിൽ പിഴച്ചില്ല.
വിരുന്നുകാരെ സ്വീകരിക്കാനായി പാഷൻ ഫ്രൂട്ട് പടർന്ന് പന്തലിച്ച് മികച്ച വിളയുമായി നിൽക്കുന്നുണ്ട്. പൂർണമായും വിളവെടുക്കാൻ ആയിട്ടില്ല. ഒരുവശത്ത് വെണ്ടയ്ക്ക, വഴുതനങ്ങ കൃഷിയാണ്. ആനകൊമ്പൻ വെണ്ടയും നാരകവും നല്ല ഉഷാറായി കായ്‌ചു കിടക്കുന്നുണ്ട്. എത്ര ഇനം സസ്യങ്ങൾ മട്ടുപ്പാവിൽ ഉണ്ടെന്ന് രവീന്ദ്രന് തന്നെ കൃത്യമായി നിശ്ചയമില്ല.
മട്ടുപ്പാവിൽ കൃഷി ചെയ്യുന്നത് കൊണ്ട് അവിടെ വൃത്തികേടാകുമോ എന്ന് പലരും ചോദിക്കും. എന്നാൽ കൃഷി ചെയ്യുന്നതിന് ശാസ്ത്രീയമായ മാർഗങ്ങൾ രവീന്ദ്രൻ ചേട്ടൻ തന്നെ കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിന്‍റെ ചുവരുകൾക്ക് ബലം ലഭിക്കാതെ കോൺക്രീറ്റിന്‍റെ പില്ലറുകൾ വരുന്ന ഭാഗത്ത് വലിയ സ്റ്റാൻഡുകൾ താങ്ങിവച്ച് അതിനു മുകളിൽ ചെടിച്ചട്ടികളിലാണ് കൃഷി രീതി.
ട്രിപ്പ് ഇറിഗേഷൻ പോലുള്ള ജലസേചന സംവിധാനങ്ങൾ വെള്ളം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്കും ഒരു പരിഹാരമാണ്. പച്ചക്കറി കൃഷികളൊക്കെ രണ്ടാം നിലയിലാണ്. ഒന്നാം നിലയിൽ വിളയിച്ചത് നെല്ലാണ്. ഉമ എന്ന ഇനത്തിൽപ്പെട്ട നെല്ല്. ഒറ്റനോട്ടത്തിൽ കയറി ചെല്ലുമ്പോൾ ഏതോ വയലിന് മധ്യത്തേക്ക് കയറിച്ചെന്ന പോലെയാണ്.
നെല്ല് വിളവെടുത്ത് തിരുവോണ സദ്യക്ക് ഉപയോഗിക്കാനാണ് രവീന്ദ്രന്‍റെ തീരുമാനം. വിളകളെ ബാധിക്കുന്ന പുഴുക്കൾ അടക്കമുള്ള പ്രശ്‌നങ്ങൾക്ക് ജൈവ കീടനാശിനിയാണ് പ്രതിരോധ മാർഗം. നെല്ലും കൃഷി ചെയ്‌തിരിക്കുന്നത് ചെടിച്ചട്ടിയിൽ തന്നെ. നെൽ ചെടികൾക്ക് ഒരാളെക്കാൾ പൊക്കം വച്ചു കഴിഞ്ഞു.
ഉമ, പ്രത്യാശി തുടങ്ങിയ നെല്ലിനങ്ങൾ വളരെ എളുപ്പം കൃഷി ചെയ്യാവുന്നവയാണ്. നെൽകൃഷി ചെയ്യുവാൻ മനസുണ്ടെങ്കിലും നേരിടുന്ന പ്രധാന പ്രതിസന്ധി വിത്തിനങ്ങൾ ലഭ്യമല്ല എന്നുള്ളത് തന്നെയാണ്. ഒരു കർഷകനായി അറിയപ്പെടണം എന്ന് തന്നെയാണ് ആഗ്രഹമെന്നാണ് രവീന്ദ്രന്‍ ചേട്ടൻ പറയുന്നത്. കൃഷി ചെയ്യാൻ ആവശ്യമായ മാർഗനിർദേശങ്ങൾ സ്വന്തം വീട്ടിൽ തന്നെ ക്ലാസുകൾ ഒരുക്കി സൗജന്യമായി പഠിപ്പിക്കുന്നുണ്ട്.