കണ്ണൂര്‍: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തില്‍ മന്ത്രി സജി ചെറിയാനെ തള്ളി സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. തൊഴിലിടത്തിൽ സ്ത്രീകൾ അനുഭവിച്ചിട്ടുള്ള പ്രശ്‌നങ്ങളിൽ പരാതി ഉയർന്നു വരുമ്പോൾ സ്വാഭാവികയും നല്ല രീതിയിൽ അന്വേഷണം നടത്തും. ഏത് ഉന്നത സ്ഥാനത്തുള്ള ആളായാലും നടപടിയെടുക്കണം എന്ന് തന്നെയാണ് മഹിള കമ്മിഷന്‍റെ അഭിപ്രായമെന്നും സതീദേവി കണ്ണൂരിൽ പറഞ്ഞു.
ഇതിനുമുമ്പും ഉന്നതർക്കെതിരെ നടപടി ഉണ്ടായിട്ടുണ്ട്. അതിജീവിതയ്ക്ക് നീതി കിട്ടട്ടെ എന്ന് തന്നെയാണ് മഹിള കമ്മിഷന്‍റെ നിലപാട്. ഒരു വ്യക്തിക്കെതിരെ പരാതി ഉന്നയിച്ചാൽ നടപടി ഉണ്ടാകും.
ആരോപണം ഉന്നയിച്ചു എന്ന വാർത്ത മാത്രമാണ് കണ്ടത്. ആരോപണം തെളിയുന്ന ഘട്ടത്തിൽ ആരോപണ വിധേയനെതിരെ നടപടി ഉണ്ടാകും എന്നും തല്‍സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല എന്നും സതീദേവി വ്യക്തമാക്കി. ആരോപണം ഉയർന്നു വന്നാൽ കുറ്റം തെളിയിക്കേണ്ടതുണ്ട്.
രേഖാമൂലം ഉള്ള പരാതി നൽകാൻ ധൈര്യപൂർവ്വം മുന്നോട്ടു വരട്ടെ. അതുതന്നെയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും പറഞ്ഞത്. ഏത് സംസ്ഥാനം എന്നതിലല്ല എവിടെനിന്നും ധൈര്യപൂർവ്വം പരാതി നൽകാം.
പരാതി ഉയർന്നുവന്നാൽ അന്വേഷിച്ച് കുറ്റക്കാർക്ക് നടപടിയെടുക്കുമെന്നും സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുമെന്നും സതീദേവി കൂട്ടിച്ചേർത്തു. പരാതി കിട്ടിയാൽ മാത്രമേ അന്വേഷിക്കു എന്ന സജി ചെറിയന്‍റെ പ്രസ്‌താവനയും സതീദേവി തള്ളി.
Also Read: 'മന്ത്രി സജി ചെറിയാനും രഞ്ജിത്തും രാജിവയ്‌ക്കണം': കെ സുരേന്ദ്രന്‍