തിരുവനന്തപുരം: സോഫ്റ്റ്‌വെയർ മേഖലയിലെ വൻകിട കമ്പനികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കേരള സർക്കാർ തയ്യാറാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരളം അതിന്‍റെ ലഭ്യമായ എല്ലാ വിഭവങ്ങളെയും പ്രയോജനപ്പെടുത്തി സാമൂഹിക മേഖലയിലും സാമ്പത്തിക വ്യവസ്ഥയിലും മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജർമ്മനി ആസ്ഥാനമായുള്ള കമ്പനിയായ ഡി സ്‌പേസിന്‍റെ ഏഷ്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്‍റ് സെന്‍റർ തിരുവനന്തപുരത്ത് ആരംഭിച്ച വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണക്‌റ്റഡ് ഓട്ടോമേറ്റഡ് ഇലക്‌ട്രിക് വാഹനരംഗത്ത് സാങ്കേതിക പരിഹാരങ്ങൾ നിർദേശിക്കുന്ന കമ്പനിയാണ് ഡി സ്‌പേസ്. ബഹിരാകാശ, ഐടി മേഖലകൾക്ക് അനുകൂലമായ സാഹചര്യമാണ് തിരുവനന്തപുരത്ത് ഉള്ളതെന്നും മന്ത്രി പറഞ്ഞു. നിർദ്ദിഷ്‌ട ബഹിരാകാശ പാർക്ക് തിരുവനന്തപുരത്ത് തുടങ്ങുന്നത് ജർമ്മൻ കമ്പനിക്ക് കൂടുതൽ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന തലസ്ഥാനത്ത് ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവരുടെ സാങ്കേതികവിദ്യകൾക്കായി നിർമിതബുദ്ധി ഉപയോഗപ്പെടുത്താനും ഡി സ്‌പേസിന് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രം സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കിയതിന് ഡി സ്‌പേസിന്‍റെ ഇന്ത്യയിലെ മാനേജിങ് ഡയറക്‌ടറും സിഇഒയുമായ ആൻഡ്രിയാസ് ഗൗ സർക്കാരിനോട് നന്ദി പറഞ്ഞു.
കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിലാണ് ഈ ഗ്ലോബൽ കോംപിറ്റൻസ് സെൻ്റർ സ്ഥിതി ചെയ്യുന്നത്. ഡി സ്‌പേസിന്‍റെ ഏഷ്യയിലെ ആദ്യത്തെ സെന്‍ററാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. ജർമനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങളിലാണ് മറ്റു സെന്‍ററുകൾ.
രാജ്യത്തെ പല നഗരങ്ങളിലും കമ്പനി സ്‌കൗട്ട് നടത്തിയെന്നും ഒടുവിൽ തിരുവനന്തപുരം തെരഞ്ഞെടുക്കുകയായിരുന്നെന്നും ഡി സ്‌പേസ് മാനേജിങ് ഡയറക്‌ടർ ഫ്രാങ്ക്ലിൻ ജോർജ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.