തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ വൈകാരിക കുറിപ്പുമായി മുന്‍ പത്തനംതിട്ട ജില്ല കലക്‌ടറും ടൂറിസം ഡയറക്‌ടറുമായ പിബി നൂഹ് ഐഎഎസ്. 2018 മുതല്‍ 2021 വരെയായിരുന്നു പിബി നൂഹ് പത്തനംതിട്ടയില്‍ ജില്ല കലക്‌ടറായി പ്രവര്‍ത്തിച്ചിരുന്നത്. ഇതിനിടെ വെള്ളപ്പൊക്കം, ശബരിമല സ്ത്രീ പ്രവേശം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികള്‍ നേരിടുന്നതിനിടെയാണ് നവീന്‍ ബാബുവിനെ കാണുന്നതെന്ന് പറഞ്ഞു തുടങ്ങുന്ന ഫേസ്‌ബുക്ക് കുറിപ്പില്‍ നവീനുമായുള്ള പ്രവര്‍ത്തന കാലത്തെ വൈകാരികമായി സ്‌മരിക്കുന്നു.
'കലക്‌ടറായിരിക്കെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിച്ച ഉദ്യോഗസ്ഥരില്‍ എടുത്തു പറയേണ്ട പേരാണ് നവീന്‍ ബാബുവിന്‍റേത്. വെള്ളപ്പൊക്കത്തില്‍ ഫ്‌ളഡ് റിലീഫ് മെറ്റീരിയല്‍ കളക്ഷന്‍ സെന്‍ററില്‍ വെളുപ്പിന് മൂന്ന് മണി വരെ പ്രവര്‍ത്തിച്ച നവീന്‍ ബാബുവിനെയാണ് തനിക്ക് പരിചയം. എല്ലാവരോടും ചിരിച്ചു കൊണ്ടു സൗഹൃദത്തോടെ പെരുമാറിയിരുന്ന നവീന്‍റെ സ്വഭാവം കലക്ഷന്‍ സെന്‍ററിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലും പ്രതിഫലിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശബരിമലയുമായി ബന്ധപ്പെട്ടു നടന്ന പ്രതിസന്ധികളിലും വിശ്വസിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥനായിരുന്നു നവീന്‍. 2019 ലെ കോവിഡ് ക്വാറന്‍റൈന്‍ സെന്‍റര്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്നതില്‍ നവീന്‍ ബാബുവിന്‍റെ സംഘടനാ പാടവം പ്രകടമായിരുന്നു. ഒപ്പമുണ്ടായിരുന്ന 3 കൊല്ലവും ഒരിക്കല്‍ പോലും പരാതി കേള്‍പ്പിക്കുകയോ പറയുകയോ ചെയ്യാത്ത നവീന്‍ ബാബു, 100 ശതമാനം വിശ്വസിച്ച് ഏത് ഔദ്യോഗിക കാര്യവും ഏൽപിക്കാന്‍ കഴിയുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ചിലരായിരുന്നു.
ഇതിലും മികച്ച യാത്രയയപ്പ് അദ്ദേഹം അര്‍ഹിച്ചിരുന്നു. പ്രിയപ്പെട്ട നവീന്‍റെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റത്തിന്‍റെയും സഹാനുഭൂതിയുടെയും പങ്കു പറ്റിയ ആയിരങ്ങള്‍ നിങ്ങളെ കൃതജ്ഞതയോടെ ഓര്‍ക്കും. അതില്‍ ഞാനുമുണ്ടാകുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Also Read:'എഡിഎമ്മിന്‍റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പങ്ക്, പി ശശിയുടെ ബെനാമി ദിവ്യയുടെ ഭര്‍ത്താവ്'; ഞെട്ടിക്കുന്ന ആരോപണങ്ങളുമായി പിവി അൻവര്‍