തിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്‌ചയായി ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്ക് എത്തിയത് പതിനായിരത്തിലേറെ പ്രവാസികൾ. ചിലര്‍ പ്രത്യേകം ചാര്‍ട്ട് ചെയ്‌ത വിമാനങ്ങളിലാണ് എത്തിയത്. വെള്ളിയാഴ്‌ച നടക്കുന്ന വോട്ടെടുപ്പില്‍ വോട്ട് ചെയ്യാനാണ് ഇവര്‍ എത്തിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ അറബ് രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികളെ വോട്ട് ചെയ്യാന്‍ നാട്ടിലെത്താന്‍ തങ്ങളുടെ പ്രവാസി ജീവകാരുണ്യ സംഘടനയായ കെഎംസിസി നീക്കം തുടങ്ങിയിരുന്നതായി മുസ്‌ലിം ലീഗ് നേതാവ് അബ്‌ദു റഹ്‌മാന്‍ രണ്ടത്താണി പറഞ്ഞു. അറബ് രാജ്യങ്ങളില്‍ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്‍ററിന് (കെഎംസിസി) ശക്തമായ വേരോട്ടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎംസിസിയുടെ സഹായത്തോടെ പ്രവാസികള്‍ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തിയതോടെ നാട്ടിലെത്തി വോട്ട് ചെയ്യാനുള്ള വിമാന ചാര്‍ജ് കുറയ്ക്കാനും സാധിച്ചു. പതിനായിരം പേര്‍ ഇതിനോടകം നാട്ടിലെത്തിയിട്ടുണ്ട്. നാളെയോടെ കുറച്ച് പേര്‍ കൂടി എത്തുമെന്നാണ് കരുതുന്നത്. ഇതൊരു പുതിയ കാര്യമല്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തും വന്‍തോതില്‍ മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വോട്ട് ചെയ്യാനായി നാട്ടിലെത്തിയിരുന്നു.
ഒരു മാസം നീണ്ട പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് സമാപനമായിരുന്നു. അസാധാരണമായ പല പ്രചാരണ രംഗങ്ങള്‍ക്കും കേരളം ഇക്കുറി സാക്ഷ്യം വഹിച്ചു. അവസാന ദിനമായ ഇന്ന് കൊട്ടിക്കലാശ വേളയില്‍ പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം ആകാശം മുട്ടുന്ന ക്രെയിനുകളില്‍ നിന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌തത് ഏറെ പുതുമയായി. എന്നാല്‍ ചിലര്‍ പരമ്പരാഗത രീതിയിലുള്ള തെരഞ്ഞെടുപ്പ് റാലികളും അഭിസംബോധനകളുമാണ് സ്വീകരിച്ചത്.
Also Read: ശക്തന്‍റെ മണ്ണില്‍ ശക്തികാട്ടി മുന്നണികൾ; കത്തിക്കയറി കൊട്ടിക്കലാശം; പരസ്യ പ്രചാരണത്തിന് സമാപനം
കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാര്‍ത്ഥികളാണ് ഗോദയിലുള്ളത്. ഇടത് വലത് മുന്നണികള്‍ക്കും എന്‍ഡിഎയ്ക്കും ഏറെ നിര്‍ണായകമായ വിധിയെഴുത്താണ് വെള്ളിയാഴ്‌ച സംസ്ഥാനത്ത് നടക്കുക. ബിജെപി ഇക്കുറി രണ്ടക്കം കടക്കുമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ തങ്ങള്‍ മുഴുവന്‍ സീറ്റുകളും സ്വന്തമാക്കുമെന്നാണ് ഇടത് -വലത് മുന്നണികള്‍ ഒരു പോലെ അവകാശപ്പെടുന്നത്.