എറണാകുളം: രാജ്യാന്തര അവയവക്കടത്ത് കേസിൽ ഇരകളായ എല്ലാവരെയും സംഘം കബളിപ്പിച്ചതായി പൊലീസ്. അവയവം നൽകിയ ആർക്കും വാഗ്‌ദാനം ചെയ്‌ത മുഴുവൻ തുകയും നൽകിയിട്ടില്ല. അവയവദാതാക്കളിൽ ഏക മലയാളിയായ പാലക്കാട് സ്വദേശി ഷമീറിന് വാഗ്‌ദാനം ചെയ്‌തത് ഇരുപത് ലക്ഷമായിരുന്നുവെന്നും എന്നാൽ നൽകിയത് 6 ലക്ഷം മാത്രമാണന്നും പൊലീസ് കണ്ടെത്തി. ബാക്കി തുക ചോദിച്ചിട്ടും നൽകിയിരുന്നില്ല.
പൊലീസിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്‌റ്റിടാൻ ഷമീറിനെ നിർബന്ധിച്ചത് അവയവക്കടത്ത് സംഘമായിരുന്നു. ഷമീർ ഒളിവിൽ പോയത് മുഖ്യ ആസൂത്രകനായ മധുവിന്‍റെ നിർദ്ദേശ പ്രകാരമായിരുന്നു. ഷമീറിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ഷമീർ വൃക്ക നൽകിയത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണെന്നും നിലവിൽ ഇയാൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും ആലുവ റൂറൽ എസ് പി വൈഭവ് സക്‌സേന വ്യക്തമാക്കി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120( ബി), 470 എന്നീ വകുപ്പുകൾ കൂടി ഈ കേസിൽ അധികമായി ചുമത്തിയതായും എസ്‌പി വ്യക്തമാക്കി. മധുവിനെ ഇറാനിൽ നിന്നും തിരിച്ചെത്തിക്കാൻ ശ്രമം തുടരുകയാണന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരൻ സജിത്തിന്‍റെ അക്കൗണ്ടിലൂടെ വൻ തുകയുടെ ഇടപാട് നടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇരകളെ തേടിയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നത് ഹൈദരബാദുകാരനായ രാംപ്രസാദായിരുന്നു. അവയവ വിൽപന റാക്കറ്റിൻ്റെ ഇരയായ ഷമീറിനെ മുഖ്യ സാക്ഷിയാക്കാനാണ് പൊലീസ് തീരുമാനിച്ചത്. അവയവദാതാക്കളിൽ ആരും പരാതിക്കാരായി ഇല്ലാത്ത കേസിൽ, ഒരു ദാതാവിനെ സാക്ഷിയാക്കുന്നത് കോടതിയിൽ കേസിന് അനുകൂല സാഹചര്യം സൃഷ്‌ട്ടിക്കുമെന്നാണ് കരുതുന്നത്.
മലയാളിയാണെങ്കിലും പൊള്ളാച്ചിയിലും കോയമ്പത്തൂരിലുമായാണ് ഇയാള്‍ താമസിച്ചിരുന്നത്. കേസിൽ ഒടുവിൽ അറസ്‌റ്റിലായ വിജയവാഡ സ്വദേശി ബല്ലംകോണ്ട രാംപ്രസാദ് രണ്ട് മാസത്തിനിടെ കോയമ്പത്തൂരിലെത്തി തന്നെ കണ്ടിരുന്നതായി ഷമീർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അവയവദാതാക്കളെ കണ്ടെത്തി ഇറാനിലെത്തിച്ചിരുന്നത് രാംപ്രസാദിന്‍റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് സംഘമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇരുപത് പേരെയാണ് സംഘം ഇറാനിലെത്തിച്ച് അവയവങ്ങൾ വിൽപന നടത്തിയത്. കേസിൽ തൃശൂർ സ്വദേശി സാബിത്ത്, എറണാകുളം സ്വദേശി സജിത്ത്, ഹൈദരാബാദ് സ്വദേശി ബല്ലം കൊണ്ട രാമ പ്രസാദ് എന്നിവരെയാണ് പൊലീസ് ഇതുവരെ അറസ്‌റ്റ് ചെയ്‌തത്.
Also Read: രാജ്യാന്തര അവയവക്കടത്ത്; മലയാളിയായ അവയവദാതാവിനെ ചോദ്യം ചെയ്‌ത് പൊലീസ്