എറണാകുളം: രാജ്യാന്തര അവയവക്കടത്ത് കേസിലെ പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ഇറാൻ കേന്ദ്രീകരിച്ച് അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. കൊച്ചി എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഇറാനിലുണ്ടെന്ന് സംശയിക്കുന്ന കൊച്ചി സ്വദേശിയായ മുഖ്യപ്രതി മധു, സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കി അവയവദാതാക്കളെ കണ്ടെത്തിയിരുന്ന ഹൈദരാബാദ് സംഘത്തിന്‍റെ മുഖ്യ ചുമതലക്കാരനായിരുന്ന ബല്ലംകൊണ്ട രാംപ്രസാദ്, ഇവരുടെ സംഘത്തിലെ കണ്ണിയും ദാതാക്കളെ ഇറാനിലെത്തിക്കുകയും ചെയ്‌തിരുന്ന സാബിത്ത് നാസര്‍, കൂട്ടാളിയായ സജിത്ത് ശ്യം എന്നിവരാണ് കേസിലെ പ്രതികൾ. കേസ് അന്വേഷണം തുടങ്ങിയ എറണാകുളം റൂറൽ പൊലീസ്, മധു ഒഴികെയുള്ള പ്രതികളെ അറസ്റ്റ് ചെയ്‌തിരുന്നു. രാജ്യാന്തര ബന്ധങ്ങളുള്ള കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുന്നതിനാണ് എൻഐഎ കേസ് ഏറ്റെടുത്ത് അധികം വൈകാതെ കുറ്റപത്രം സമർപ്പിച്ചത്. അതേസമയം രാജ്യാന്തര അവയവക്കടത്ത് കേസിൽ അന്വേഷണം തുടരുകയാണെന്നാണ് എൻഐഎ വ്യക്തമാക്കിയത്. മുഖ്യപ്രതിയായ മധു കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇറാനിലാണ്.
ഇയാളുടെ പ്രധാന ജോലി അവയവ കച്ചവടമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. മധുവിനെ നാട്ടിലെത്തിക്കാനുളള പൊലീസ് ശ്രമം വിജയിച്ചിരുന്നില്ല. മധുവിനെ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് എൻഐഎയും നടത്തുന്നത്. ഇറാനിൽ നിന്നാണ് കൊച്ചി സ്വദേശി മധു അവയവക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്.
ഇവരെല്ലാം പ്രവര്‍ത്തിച്ചിരുന്നത് ഇറാനിലുള്ള മധുവിന്‍റെ നിര്‍ദേശപ്രകാരമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒപ്പം അവയവക്കടത്തിന്‍റെ മറവില്‍ ഇയാള്‍ കോടികളുടെ സാമ്പത്തിക ഇടപാട് നടത്തിയതായും വ്യക്തമായിരുന്നു. സാമ്പത്തിക പ്രയാസമുള്ളവരെ കണ്ടെത്തി പണം വാഗ്‌ദാനം ചെയ്‌ത് അവയവ കച്ചവടത്തിനായി പ്രേരിപ്പിച്ച് ഇറാനിലെത്തിച്ചായിരുന്നു അവയവ കച്ചവടം നടത്തിയത്. പാലക്കാട് സ്വദേശിയായ ഒരു മലയാളി ഉൾപ്പടെ ഇരുപതിലധികം പേരെയാണ് സംഘം അവയവ കച്ചവടത്തിന് ഇരയാക്കിയത്.