തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയതിന് മറുപടി എന്ന നിലയില്‍ നടപടി ക്രമങ്ങള്‍ വെട്ടിച്ചുരുക്കി ബില്ല് പാസാക്കിയ സര്‍ക്കാര്‍ നടപടിയെ ചൊല്ലി നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാഗ്വാദം. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എ എന്‍.ഷംസുദീന്‍ എന്നിവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നടപടിയെ ന്യായീകരിച്ച് മന്ത്രിമാരായ എംബി രാജേഷും പി.രാജീവും പ്രതിരോധമുയര്‍ത്തി.
ഇക്കാര്യത്തില്‍ സ്‌പീക്കര്‍ നല്‍കിയ റൂളിങ്ങാകട്ടെ പൂര്‍ണമായും സര്‍ക്കാര്‍ നടപടിയെ അനുകൂലിക്കുന്നതാണെന്നും ആരോപണം. സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്നലെ സര്‍ക്കാരിനെതിരെ ബാര്‍ കോഴ ആരോപണമുയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയിരുന്നു.
ബഹളം രൂക്ഷമായതോടെ നടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് 2025ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡ് വിഭജനം നടത്താന്‍ ഉദ്ദേശിച്ചുള്ള തദ്ദേശഭരണ ഭേദഗതി ബില്ലുകള്‍ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടുന്നതിന് പകരം സഭ പാസാക്കിയത്. ഇത്രയും സുപ്രധാനമായ ഒരു ബില്ലിനുമേല്‍ പ്രതിപക്ഷത്തിന് ചര്‍ച്ചയ്ക്കും ഭേദഗതിക്കും അവസരം നല്‍കാതെ പാസാക്കിയ നടപടിക്കെതിരെ ഇന്നലെ തന്നെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി സ്‌പീക്കര്‍ക്ക് കത്ത് നല്‍കി.
ഇന്ന് നിയമസഭയില്‍ ക്രമ പ്രശ്‌നമായി പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ച് വാക്ക് ഔട്ട് നടത്തി പ്രതിഷേധം രേഖപ്പെടുത്തി. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു എന്നതിന്‍റെ പേരില്‍ നടപടിക്രമങ്ങളൊക്കെ കാറ്റില്‍ പറത്തുന്നത് മോദി ശൈലിയാണെന്ന് ക്രമ പ്രശ്‌നം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഇത് അംഗീകരിക്കാനാകില്ല.
കേരള നിയമസഭയുടെ പാരമ്പര്യത്തെ കളഞ്ഞ് കുളിച്ചും ജനാധിപത്യ സംവിധാനങ്ങളെ ഇല്ലാതാക്കിയും ഏകപക്ഷീയമായ നടപടിയാണ് സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ തിരിച്ചടിയേറ്റിട്ടും ധാര്‍ഷ്‌ട്യം നിറഞ്ഞ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്തിനായിരുന്നു ഈ അനാവശ്യ തിടുക്കമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ഇത് സംബന്ധിച്ച് പ്രതിപക്ഷവുമായി കൂടിയാലോചന നടത്തിയെന്ന് തദ്ദേശഭരണ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് പച്ചക്കള്ളമാണ്. ഇത് അംഗീകരിക്കാനാകില്ലെന്ന് സതീശന്‍ പറഞ്ഞു. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് ബില്‍ സബ്‌ജക്‌ട് കമ്മിറ്റിക്ക് അയക്കാതെ നടപടിക്രമങ്ങളൊക്കെ വെട്ടിച്ചുരുക്കി പാസാക്കാറുള്ളതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതും ധന ബില്ലുകള്‍ മാത്രം. ഇന്ത്യയ്ക്കാകെ മാതൃകയായ വിഷയ നിര്‍ണയ സമിതി ആദ്യമായി രൂപീകരിക്കുന്നത് കേരള നിയമസഭയിലാണ്. ഈ മാതൃക കണക്കിലെടുത്താണ് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പോലും വിവിധ കമ്മിറ്റികള്‍ രൂപീകൃതമായത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യമായ തിടുക്കം കാട്ടിയെന്നും ഇത് സഭയിലെ അംഗങ്ങളുടെ അവകാശം കവര്‍ന്നെടുക്കലാണെന്നും ചെന്നിത്തല പറഞ്ഞു.
തിടുക്കം അനാവശ്യമായിരുന്നില്ലെന്നും എന്നാല്‍ തിടുക്കം ആവശ്യമായിരുന്നെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. ബില്‍ പാസാക്കുമ്പോള്‍ സഭയിലെ ഇരിപ്പിടത്തിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. അടുത്ത വര്‍ഷം ഡിസംബറിന് മുമ്പ് തദ്ദേശഭരണ തെരഞ്ഞെടുപ്പിന് പോകേണ്ടതുണ്ട്. അതിന് വളരെ മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി നല്‍കിയാലേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് വിജ്ഞാപനം നടത്തി വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിലേക്ക് അടക്കം കടക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
പിന്നാലെ ഇക്കാര്യത്തില്‍ റൂളിങ് നല്‍കിയ സ്‌പീക്കറാകട്ടെ രണ്ട് വിഭാഗങ്ങളുടെ വാദവും യുക്തിസഹമാണെന്ന് അഭിപ്രായപ്പെട്ട് ക്രമപ്രശ്‌നം തീര്‍പ്പാക്കുകയായിരുന്നു.
Also Read: ആദ്യ ദിനം സഭ അടിച്ചു പിരിഞ്ഞു, രണ്ടാം ബാർ കോഴയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു