തിരുവനന്തപുരം: ലഹരി മാഫിയാ സംഘങ്ങളും ഗുണ്ടാ സംഘങ്ങളുമാണ് സംസ്ഥാനം നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 1880 ഗുണ്ടകളുണ്ടെന്ന കണക്കെടുത്തിട്ട് ആ ഗുണ്ടകള്‍ക്ക് സ്വൈര്യമായി വിഹരിക്കാനുള്ള സംവിധാനമാണ് പൊലീസ് ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ഗുണ്ടകള്‍ക്കും ലഹരി മാഫിയാ സംഘങ്ങള്‍ക്കും സിപിഎം രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കിയിരിക്കുകയാണ്. അതാണ് അഴിഞ്ഞാടാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയുന്നില്ല. അവരുടെ കൈകാലുകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഈ ഉപജാപകസംഘം പാര്‍ട്ടി നേതാക്കള്‍ക്കു വേണ്ടി പൊലീസ് സ്റ്റേഷനുകളെയും ഉന്നത ഉദ്യോഗസ്ഥരെയും വീതംവച്ചു നല്‍കിയിരിക്കുകയാണ്.
വ്യാപകമായ ഗുണ്ടാ ആക്രമണങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പരസ്യമായി തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തുന്നു. ആര്‍ക്കും ആരെയും കൊല്ലാനോ കയ്യും കാലും വെട്ടാനോ കൊട്ടേഷന്‍ നല്‍കാവുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായി വീടുകള്‍ അടിച്ചു പൊളിക്കുകയാണ്. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള ഗുണ്ടാ ആക്രമണങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഗുണ്ട - ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ ആരെങ്കിലും വിവരം നല്‍കിയാല്‍ അവരുടെ വീടുകള്‍ അടിച്ചു തകര്‍ക്കും. എന്നിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല.
പന്തീരാങ്കാവില്‍ പെണ്‍കുട്ടിക്ക് നേരെ വധശ്രമമുണ്ടായിട്ടും പരാതി നല്‍കിയ പിതാവിനെ സിഐ പരിഹസിച്ചു. അന്നുതന്നെ സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പിറ്റേന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് കേസെടുത്തത്. ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ടും പ്രതിയെ അറസ്‌റ്റ് ചെയ്‌തില്ല. പ്രതി രക്ഷപ്പെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്തം പൊലീസിനായിരിക്കും. പെണ്‍കുട്ടിക്കെതിരെ ഇത്രയും ക്രൂരമായ ആക്രമണമുണ്ടായിട്ടും നടപടി എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെയൊരു പൊലീസ് എന്നും വിഡി സതീശന്‍ ചോദിച്ചു.
മുഖ്യമന്ത്രി സ്ഥലത്തുണ്ടെങ്കിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയിട്ടും പ്രത്യേകിച്ച് ഒരു കാര്യവുമില്ല. പെന്‍ഷന്‍ പോലും കൊടുക്കാന്‍ സാധിച്ചിട്ടില്ല. ഒരു മാസത്തെ പെന്‍ഷന്‍ നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും അത് ഏത് മാസത്തേതാണെന്നു പോലും വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും പൂട്ടുമെന്നാണ് പറയുന്നത്. നയാ പൈസ കയ്യിലില്ലാത്ത അവസ്ഥയാണ്. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കി. എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും സ്‌തംഭിച്ചു. മുഖ്യമന്ത്രി മടങ്ങിയെത്തി വെറുതെ ആ കസേരയില്‍ മുകളിലേക്ക് നോക്കി ഇരിക്കാം എന്നതല്ലാതെ ഒന്നും ചെയ്യാനില്ല. അദ്ദേഹം രണ്ട് ദിവസം കൂടി അവിടെ നില്‍ക്കുന്നതായിരുന്നു നല്ലത്.
കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാന്‍ യുഡിഎഫ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇക്കാര്യം കോണ്‍ഗ്രസോ യുഡിഎഫോ ചര്‍ച്ച ചെയ്‌തിട്ടുമില്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ഞങ്ങളുടെ പ്രവര്‍ത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു വിഷയം യുഡിഎഫിന് മുന്നിലില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.