തിരുവനന്തപുരം: പുറത്തു തങ്ങളുടെ സർവീസ് സംഘടന പ്രതിപക്ഷ സംഘടനകളുമായി ചേർന്ന് സർക്കാരിനെതിരെ സമരം നടത്തുമ്പോഴും നിയമസഭയ്ക്കകത്തു സർക്കാരിനെ അനുകൂലിക്കേണ്ട ധർമസങ്കടത്തിലായിരുന്നു ഇന്ന് നിയമസഭയിൽ സിപിഐ എംഎൽഎമാർ. പ്രതിപക്ഷ സർവീസ് സംഘടനകൾ ഇന്ന് നടത്തുന്ന പണിമുടക്കിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു പി സി വിഷ്‌ണുനാഥ് അനുമതി തേടിയ അടിയന്തര പ്രമേയത്തിനൊടുവിൽ, വാക്കൗട്ട് പ്രസംഗം അവസാനിപ്പിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സിപിഐ എംഎൽഎമാരെ വെട്ടിലാക്കിയത്.
ഇന്നത്തെ പണിമുടക്കിൽ പ്രതിപക്ഷ സംഘടനകൾക്കൊപ്പം സിപിഐ സംഘടനയായ ജോയിന്‍റ് കൗൺസിൽ കൂടി പങ്കെടുക്കുന്ന സാഹചര്യത്തിൽ, പ്രതിപക്ഷ വാക്കൗട്ടിൽ ചേരാൻ സിപിഐ അംഗങ്ങളെയും ക്ഷണിക്കുന്നതായി സതീശൻ പറഞ്ഞെങ്കിലും ഭരണപക്ഷത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന സിപിഐ മന്ത്രി കെ രാജൻ ഉൾപ്പെടെയുള്ള സിപിഐ എംഎൽഎമാർ മിണ്ടിയില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പതിവിൽ നിന്നു വ്യത്യസ്‌തമായി മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് സഭയിൽ അടിയന്തര പ്രമേയ നോട്ടിസിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തില്ല. പഴയ രാജകൊട്ടാരത്തിൽ വിദൂഷകർ ഉണ്ടായിരുന്നുവെന്നും അങ്ങ് ഇതിലൊന്നും വീഴരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു.
വിലാപ കാവ്യം രചിക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സിപിഐ യുടെ ജോയിന്‍റ് കൗൺസിലും ഇന്നത്തെ സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെന്നും അതുകൊണ്ടു സിപിഐ അംഗങ്ങളെ കൂടി ക്ഷണിക്കുന്നുവെന്നും പറഞ്ഞാണ് ഒടുവിൽ പ്രതിപക്ഷ നേതാവ് വാക്കൗട്ട് നടത്തിയത്.