തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഇതുപോലൊരു ജൂലൈ 18 നാണ് ജനങ്ങള്‍ക്കിടയില്‍ സൗമ്യതയുടെ ആള്‍രൂപമായി പ്രകാശിച്ച ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യമുഖം ഈ ലോകത്ത് നിന്നും അപ്രത്യക്ഷമാകുന്നത്. രണ്ടു തവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും അര നൂറ്റാണ്ടിലധികം തുടര്‍ച്ചയായി ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തുകയും ചെയ്‌ത അപൂര്‍വ്വ റെക്കോര്‍ഡ് സൃഷ്‌ടിച്ചാണ് അദ്ദേഹം വിടവാങ്ങിയതെങ്കിലും സാധാരണക്കാരെ ചേര്‍ത്ത് പിടിച്ച ജനനായകന്‍ എന്നുതന്നെയാകും ഭാവി കേരളം അദ്ദേഹത്തെ അടയാളപ്പെടുത്തുക എന്നതിന് തര്‍ക്കമില്ല.
അദ്ദേഹത്തിന്‍റെ വിലാപയാത്രയിലും സംസ്‌കാര ചടങ്ങുകളിലും തടിച്ചു കൂടിയ ജനലക്ഷങ്ങള്‍ സാക്ഷ്യപ്പെടുത്തിയതും അതുതന്നെയാണ്. അദ്ദേഹത്തിന്‍റെ വിയോഗത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും ചര്‍ച്ചയാകുകയാണ് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറിയായിരുന്ന പിടി ചാക്കോയുടെ 'കുഞ്ഞൂഞ്ഞു കഥകള്‍' എന്ന പുസ്‌തകം.
പുസ്‌കത്തിലെ ചില ഉമ്മന്‍ ചാണ്ടി സ്‌മരണകളിലൂടെ
മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികരെ അറസ്റ്റ് ചെയ്യാനുള്ള നിശ്ചയ ദാര്‍ഢ്യം. 2012 ഫെബ്രുവരിയിലാണ് കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ കൊല്ലം സ്വദേശി ജസ്റ്റിന്‍ വാലൈന്‍റന്‍, കന്യാകുമാരി സ്വദേശി അജീഷ് പിങ്കു എന്നിവര്‍ ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്‍റിക്ക ലെക്‌സി എന്ന കപ്പലിലെ രണ്ട് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.
കൊച്ചിയില്‍ കപ്പല്‍ കസ്റ്റഡിയിലെടുത്ത കേരള പൊലീസ് ഇറ്റാലിയന്‍ നാവികരെ അറസ്റ്റ് ചെയ്‌തു. നാവികര്‍ അറസ്റ്റിലായതിന് പിന്നാലെ അന്നത്തെ ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണാനെത്തി. രാത്രി 9 മണിക്കായിരുന്നു സന്ദര്‍ശനം.
മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ഇരു വിഭാഗവും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി. അറസ്റ്റിലായവര്‍ ഇറ്റാലിയന്‍ നാവികരായതിനാല്‍ അവരെ ഉടന്‍ വിട്ടയയ്ക്കണമെന്നാണ് അംബാസിഡറുടെ ആവശ്യം. രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വച്ചാണെന്നും അത് കൊലപാതകമാണെന്നും അതിനാല്‍ ഇന്ത്യന്‍ നിയമമനുസരിച്ച് അവരെ വിചാരണ ചെയ്യണമെന്നുമുള്ള നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചു നിന്നു.
യോഗം കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ പുറത്തേക്ക് നീങ്ങി. അംബാസിഡറാകട്ടെ കോണ്‍ഫറന്‍സ് ഹാളില്‍ തന്നെ നില്‍ക്കുകയാണ്. അദ്ദേഹത്തോടൊപ്പമുള്ള മറ്റെല്ലാവരോടും പുറത്ത് പോകാന്‍ അംബാസിഡര്‍ ആവശ്യപ്പെട്ടു.
അദ്ദേഹത്തിന് മുഖ്യമന്ത്രിയോട് ഒറ്റയ്ക്ക് സംസാരിക്കണം. പക്ഷേ മുഖ്യമന്ത്രി വഴങ്ങിയില്ല. താങ്കളുടെ കൂടെ വന്നയാളെ ഒപ്പം നിര്‍ത്തുക, എനിക്കൊപ്പം ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഉണ്ടാകും.
നമുക്ക് ചര്‍ച്ചയാകാം-ഉമ്മന്‍ ചാണ്ടി കര്‍ക്കശ നിലപാടെടുത്തു. അംബാഡിഡര്‍ക്ക് അത്രയ്ക്കങ്ങ് ഇഷ്‌ടപ്പെട്ടില്ലെങ്കിലും വഴങ്ങി. ചര്‍ച്ചയ്ക്ക് നാലുപേര്‍ മാത്രമായി. ഗദ്ഗദ കണ്ഡനായ അമ്പാസിഡറിലെ യഥാര്‍ഥ നയതന്ത്രജ്ഞത പുറത്തുവന്നു. പക്ഷേ ഉമ്മന്‍ ചാണ്ടിക്കുണ്ടോ കുലുക്കം.
കൊല്ലപ്പെട്ട എന്‍റെ നാട്ടുകാരുടെ കുടുംബത്തോടെനിക്ക് ദയ കാട്ടിയേ മതിയാകൂ, അതിനാല്‍ ഇന്ത്യന്‍ നിയമമനുസരിച്ചു തന്നെ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അംബാസിഡര്‍ നിരാശനായി മടങ്ങി. പിന്നീട് ഇറ്റലിയില്‍ നിന്നുള്ള മന്ത്രിതല സംഘവും ഇതേ ആവവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമെന്ന നിലപാടില്‍ നിന്ന് അണുകിട പിന്നോട്ട് പോകാന്‍ അദ്ദേഹം തയ്യാറായില്ല.
കന്നി ബജറ്റവതരണത്തിനു മുന്നോടിയായുള്ള രാഷ്ട്രീയ കൗശലം
1991ലെ കെ കരുണാകരന്‍ മന്ത്രിസഭയിലാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി ധനമന്ത്രിയാകുന്നത്. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് ഏതാനും ദിവസങ്ങള്‍ക്കകം പുതിയ സര്‍ക്കാരിന്‍റെ കന്നി ബജറ്റ്. അവതരിപ്പിക്കേണ്ട ധനമന്ത്രിക്കാകട്ടെ ധനസംബന്ധമായ വിഷയങ്ങളില്‍ അത്രയധികം അവഗാഹവുമില്ല. ധന വിദഗ്‌ധനല്ലെങ്കിലും കന്നി ബജറ്റ് മോശമാകരുതല്ലോ എന്ന് കരുതിത്തന്നെ ഉദ്യോഗസ്ഥര്‍ ബജറ്റ് തയ്യാറാക്കി.
ബജറ്റ് വായിച്ചു നോക്കാനായി ധനമന്ത്രി രാവിലെ എഴുന്നേറ്റപ്പോഴാണ് ബജറ്റ് പുസ്‌തകം അച്ചടിച്ചിട്ടില്ലെന്ന വിവരമറിയുന്നത്. പരവശരായ ഉദ്യോഗസ്ഥര്‍ പ്രസംഗം മുഴുവന്‍ കമ്പോസ് ചെയ്‌തു തീര്‍ന്നിട്ടില്ലെന്നറിയിച്ചു. എത്ര പേജായെന്നായി ധനമന്ത്രി, 24 പേജെന്ന് ഉദ്യോഗസ്ഥര്‍. അത്രയും പേജുമായി ധനമന്ത്രി നിയമസഭയിലെത്തി. അതുവച്ച് പ്രസംഗം ആരംഭിക്കാമെന്നും കമ്പോസിങ് തീരുന്ന മുറയ്ക്ക് ബാക്കിയുള്ളവ സഭയിലെത്തിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ബജറ്റ് പ്രസംഗം നീട്ടിക്കൊണ്ടു പോകണമെന്ന് ധനമന്ത്രിക്കാഗ്രഹമുണ്ടെങ്കിലും എങ്ങനെ അത് സാധിക്കും. പെട്ടെന്നാണ് ഒരുപായം വീണു കിട്ടിയത്. പ്രതിപക്ഷത്ത് നിന്നും വര്‍ക്കല രാധാകൃഷ്‌ണന്‍ ഒരു ക്രമ പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്. അത് ധനമന്ത്രി എതിര്‍ക്കില്ല. ക്രമ പ്രശ്‌നത്തിനു മറുപടി പറയുമ്പോള്‍ ഭരണപക്ഷം ഇതിനെ ചോദ്യം ചെയ്യണം. പ്രതിപക്ഷം ഇതില്‍ കയറിപ്പിടിക്കും അങ്ങനെ ബഹളമാകും, പ്രസംഗം നീട്ടിക്കൊണ്ടു പോകാം.
സംഗതി പ്ലാന്‍ ചെയ്‌തപോലെ തന്നെ. പ്രതിപക്ഷം ആ ചൂണ്ടയില്‍ കൊത്തി. സഭയിലാകെ ബഹളം. ധനമന്ത്രി ആഗ്രഹിച്ചപോലെ ബഹളം അരമണിക്കൂര്‍ നീണ്ടു. അതായത് ബജറ്റ് അവതരണത്തിന് അര മണിക്കൂര്‍ സാവകാശം ലഭിച്ചു. ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയപ്പോള്‍ അത്യാവശ്യം വേണ്ട പേപ്പര്‍ കയ്യിലെത്തിയിരുന്നു. ഒരു സെറ്റ് തീരുമ്പോള്‍ അടുത്തതു വരും വെള്ളം കുടിക്കാനെന്ന പേരില്‍ അത് കുനിഞ്ഞെടുക്കും. അങ്ങനെ കന്നി ബജറ്റ് അവതരണം സക്‌സസ്.
ബാര്‍ പൂട്ടല്ലെ സാറെ, ആള്‍ക്കൂട്ടത്തിനിടയിലെ ഒരു കുടിയന്‍റെ അപേക്ഷയില്‍ മനസലിഞ്ഞ് ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ഏറെ വിവാദമായ തീരുമാനമായിരുന്നു സംസ്ഥാനത്തെ 730 ബാറുകള്‍ പൂട്ടാനെടുത്ത തീരുമാനം. 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യ നിരോധനം. വര്‍ഷം തോറും 10 ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടാനും തീരുമാനിച്ചു. ഈ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍ ഒരു പൊതുസമ്മേളനത്തില്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടി കത്തിക്കയറവേ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു കുടിയന്‍റെ ശബ്‌ദം- ബാറുകള്‍ മുഴുവന്‍ പൂട്ടല്ലേ സാറേ. ആള്‍ക്കൂട്ടത്തില്‍ കൂട്ടച്ചിരി. പ്രസംഗിച്ചു കൊണ്ടിരുന്ന വിഷയം വിട്ട് പെട്ടെന്നു തന്നെ ഉമ്മന്‍ ചാണ്ടി ബാര്‍ വിഷയത്തിലേക്കെത്തി.' ഈ ശബ്‌ദം ബിഹാറില്‍ കേട്ടില്ല. അതുകൊണ്ട് അവര്‍ ഒറ്റയടിക്ക് മുഴുവന്‍ മദ്യ ശാലകളും പൂട്ടി.
അവിടെ സോപ്പു കലക്കിക്കുടിച്ച് 13 പേര്‍ ഒറ്റയടിക്ക് ആശുപത്രിയിലായെന്നാണ് കഴിഞ്ഞ ദിവസം കേട്ടത്. അങ്ങനെ ഒരു വശം കൂടിയുണ്ടെന്നറിഞ്ഞിട്ടാ എല്ലാ ബാറുകളും ഇവിടെ ഒറ്റയടിക്കു പൂട്ടാത്തത്. ഉരുളയ്ക്കുപ്പേരിപോലുള്ള ഉമ്മന്‍ ചാണ്ടിയുടെ മറുപടി കേട്ട് ജനക്കൂട്ടത്തില്‍ നിലയ്ക്കാത്ത കയ്യടി.