കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമയിൽ പുതുപ്പള്ളി. പുതുപ്പള്ളി പള്ളിയിൽ ചരമവാർഷികത്തോട് അനുബന്ധിച്ച് പ്രാർഥനകൾ നടന്നു. നേതാക്കള്‍ കല്ലറയിൽ പുഷ്‌പാര്‍ച്ചന നടത്തി. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ എല്ലാവരും ചടങ്ങുകളിൽ പങ്കെടുത്തു.
രാവിലെ മുതൽ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് മെഴുകുതിരി കത്തിച്ച് പൂക്കൾ അർപ്പിക്കാൻ ധാരാളം ആളുകളെത്തി. സാധാരണക്കാരെ കൂടാതെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രമുഖരും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ കല്ലറയിൽ എത്തി പ്രാർഥിച്ചു. എംപിമാരായ ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, പിസി വിഷ്‌ണുനാഥ് അടക്കം നിരവധി കോൺഗ്രസ് നേതാക്കൾ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്‌പാർച്ചന നടത്തി.
രാവിലെ ഏഴ് മണിക്ക് വലിയപള്ളിയിൽ കുർബാനയും, അദ്ദേഹത്തിന്‍റെ കല്ലറയിൽ ധൂപപ്രാർഥനയും നടന്നു. കോട്ടയം ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർ ദിയസ്കോറസ്, അങ്കമാലി ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർ പോളിക്കർപ്പോസ് എന്നിവരുടെ കാർമികത്വത്തിലായിലാരുന്നു കുർബാനയും ധൂപ പ്രാർഥനയും. ധൂപ പ്രാർഥനയിലും കുർബാനയിലും അദ്ദേഹത്തിന്‍റെ ഭാര്യ മറിയാമ്മയും, മക്കളായ ചാണ്ടി ഉമ്മന്‍, മറിയ ഉമ്മൻ, അച്ചു ഉമ്മൻ അടക്കമുളള കുടുംബാംഗങ്ങളും പങ്കെടുത്തു.
Also Read: ഉമ്മന്‍ചാണ്ടി സൗമ്യന്‍, പക്ഷേ സാധാരണക്കാരുടെ കാര്യത്തില്‍ നിലപാടില്‍ വിട്ടുവീഴ്‌ചയില്ല