കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുന്നു. സൈബര്‍ പോലീസും അവരുടെ സൈബര്‍ ഹെല്‍പ്പ് ലൈന്‍ വഴിയും മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും അതെല്ലാം അവഗണിച്ച് തട്ടിപ്പുകള്‍ സ്വമേധയാ ഏറ്റെടുക്കുയാണ് ഒട്ടേറെ പേര്‍. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്‌ടപ്പെട്ട് വഞ്ചിതരാകുമ്പോഴാണ് പലരും മുന്നറിയിപ്പുകളെക്കുറിച്ച് ഗൗരവമായി ഓര്‍ക്കുന്നത്. സൈബര്‍ പൊലീസില്‍(Cyber Police) കഴിഞ്ഞ ഒരാഴ്‌ചക്കകം നിരവധി പരാതികളാണ് ലഭിച്ചത്. എല്ലാം സൂക്ഷ്‌തക്കുറവു കൊണ്ട് സംഭവിച്ചതാണ്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന രാജസ്ഥാന്‍ സ്വദേശിക്ക് ഗൂഗിളില്‍ സര്‍ച്ച് ചെയ്‌ത് ലഭിച്ച നമ്പറില്‍ ടാക്‌സി ബുക്ക് ചെയ്‌തപ്പോള്‍ 48,054 രൂപ നഷ്‌ടമായി. സെര്‍ച്ച് ചെയ്‌ത് നമ്പറില്‍ വിളിക്കുകയും അവര്‍ പറഞ്ഞ പ്രകാരം പണം കൈമാറാന്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നൽകി ഒ.ടി.പി. ലഭിക്കുന്നതിനായി ലിങ്ക് അയച്ചു കൊടുത്തിരുന്നു. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്‌ത് ശേഷം രണ്ട് തവണകളായി പണം നഷ്‌ടപ്പെട്ടു.(Online Money fraud) ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌ത് ലഭിക്കുന്ന എല്ലാ വിവരങ്ങളും ശരിയാകണമെന്നില്ലെന്നും സെര്‍ച്ച് ചെയ്‌ത് ലഭിക്കുന്ന വിവരങ്ങള്‍ യു. ആര്‍. എല്ലില്‍ വെബ്‌സൈറ്റിന്‍റെ പേര് രണ്ട് തവണയെങ്കിലും പരിശോധിക്കണണെന്ന് സൈബര്‍ ക്രൈം വിഭാഗം മുന്നറിയിപ്പു നല്‍കുന്നു.
വെബ്‌സൈറ്റ് ശരിയായതാണോ അതോ കബളിപ്പിച്ചതാണോ എന്ന് പരിശോധിക്കണം. സഹോദരന്‍റെ ഫോട്ടോ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജവാട്‌സാപ്പ് അക്കൗണ്ട് വഴി സ്ത്രീയുടെ കയ്യില്‍ നിന്നും 14,000 രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത സംഭവവും ഉണ്ടായി. സഹോദരനെന്ന വ്യാജേന സ്ത്രീയെ വിളിക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. ഇത് സത്യമാണെന്ന് ധരിച്ചാണ് സഹോദരി തുക നല്‍കിയത്. ഇത് തട്ടിപ്പാണെന്ന് പിന്നീടാണ് അറിഞ്ഞത്. ആപ്പ് വഴി വായ്‌പയെടുത്ത യുവാവ് തുക മുഴുവനായും തിരിച്ചടച്ചിട്ടും ഭീഷണി തുടര്‍ന്നു. (Online Money Lone App ) ചിത്രം അശ്ലീലമായി മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇയാളും ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വായ്‌പയുടെ പേരില്‍ ചെറിയ തുക അനുവദിക്കുകയും പിന്നീട് ഉയര്‍ന്ന പലിശ സഹിതം ആവശ്യപ്പെടുന്ന സാമ്പത്തിക തട്ടിപ്പുകളും അരങ്ങേറുന്നുണ്ട്. പൂര്‍ണ്ണമായും തുക തിരിച്ചടച്ചാലും അശ്ലീല ചിത്രങ്ങളും മോശമായ സന്ദേശങ്ങളും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ലോണ്‍ ആപ്പുകള്‍ വഴി പ്രചരിപ്പിക്കും. ലോണ്‍ ആപ്പ് വഴി വായ്‌പ എടുക്കരുതെന്നാണ് സൈബര്‍ പൊലീസ് മുന്നറിയിപ്പു നല്‍കുന്നത്.
ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം എന്നീ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്‍മാരാകണം. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പണം ആവശ്യപ്പെട്ട് ആരെങ്കിലും സമീപിക്കുകയാണെങ്കില്‍ നേരിട്ടോ വിശ്വാസമുള്ള മാര്‍ഗ്ഗങ്ങള്‍ വഴിയോ ബന്ധപ്പെട്ട് ശരിയാണോ എന്ന് ഉറപ്പ് വരുത്തണം. ഗെയിമിങ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ കരുതലും ശ്രദ്ധയും വേണം. വീട്ടിലെ കുട്ടികള്‍ സൗജന്യ ഫയര്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്‌ത് കളിച്ചതിനാല്‍ രക്ഷിതാക്കള്‍ക്ക് പണം നഷ്‌ടമായ സംഭവവും ഉണ്ടാകുന്നുണ്ട്. പൊലീസ് മുന്നറിയിപ്പുകള്‍ ഇക്കാര്യത്തില്‍ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതുണ്ട്. പരാതികള്‍ www.cybercrime.gov.in എന്ന പോര്‍ട്ടലിലൂടേയും 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈനിലൂടേയും പൊലീസില്‍ പരാതി അറിയിക്കാം.