എറണാകുളം: ജലഗതാഗത മേഖലയിൽ പുതിയ ചരിത്രം രചിച്ച കൊച്ചി വാട്ടർ മെട്രോ ഒന്നാം വർഷത്തിലേക്ക്. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഏപ്രിൽ 25 ന് ഒരു വർഷം പൂർത്തിയാകും. പത്ത് ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തുന്ന ഏറ്റവും വിപുലമായ ബോട്ട് സർവീസാണ് കൊച്ചി വാട്ടർ മെട്രോ പദ്ധതി ലക്ഷ്യമിടുന്നത്.
ഒമ്പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവ്വീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്പോൾ 13 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 11 മാസത്തിനകം 18,36,390 പേർ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്‌ത് കഴിഞ്ഞു. വിനോദസഞ്ചാര മേഖലയായ ഫോർട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടർ മെട്രോയെത്തുന്നത് ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകും. ഇതിന് മുന്നോടിയായി ഫോർട്ട് കൊച്ചിയിലെ നടപ്പാതകളും വഴിവിളക്കുകളുമുൾപ്പെടെ മാറ്റി സ്ഥാപിച്ച് കെഎംആർഎൽ ഫോർട്ട് കൊച്ചിയിൽ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
സുസ്ഥിര ജലഗതാഗത രംഗത്തെ പുത്തൻ മാതൃകയായി വാട്ടർ മെട്രോ ഇതിനോടകം മാറിയിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാട്ടർ മെട്രോയ്ക്ക് സമാനമായ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണ്. പുതിയ ആശയമായതിനാൽ തന്നെ ആദ്യ വർഷം കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം സ്ഥിരം യാത്രികരുടെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു.
വാട്ടർ മെട്രോയെ ദൈനംദിന യാത്രകൾക്കായി ദ്വീപ് നിവാസികളെ പ്രേരിപ്പിക്കുന്നതിനാണ് കൊച്ചി വാട്ടർ മെട്രോ പ്രഥമ പരിഗണന നൽകുന്നത്. 20 മുതൽ 40 രൂപയാണ് ടിക്കറ്റ് നിരക്കെന്നിരിക്കെ വിവിധ യാത്രാപാസുകൾ ഉപയോഗിച്ച് 10 രൂപ നിരക്കിൽ വരെ കൊച്ചി വാട്ടർ മെട്രോയിൽ സ്ഥിരം യാത്രികർക്ക് സഞ്ചരിക്കാമെന്നതും സാധരണക്കാർക്ക് ആശ്വാസമാണ്.
ബസ് ചാർജിനേക്കാൾ കുറഞ്ഞ നിരക്ക്
സൗത്ത് ചിറ്റൂരിൽ നിന്ന് ബസിൽ ഹൈക്കോർട്ടിലേക്കെത്താൻ 18 രൂപ വേണം. എന്നാൽ കൊച്ചി വാട്ടർ മെട്രോയുടെ യാത്രാ പാസ് ഉപയോഗിച്ച് വെറും 10 രൂപയ്ക്ക് പൊതുജനങ്ങൾക്ക് ഇതേ ദൂരം യാത്ര ചെയ്യാൻ കഴിയും. പുതിയ റൂട്ടുകൾ ആരംഭിച്ചപ്പോഴും ബോട്ടുകളുടെ എണ്ണത്തിലെ പരിമിതികൾ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ വാട്ടർ മെട്രോയുടെ പ്രധാന വെല്ലുവിളിയാണ്.
സർവ്വീസുകളുടെ എണ്ണത്തിലെ പരിമിതികൾ സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ റൂട്ടുകൾ സ്ഥിരം യാത്രികരെ ആകർഷിക്കുന്നതിനും വെല്ലുവിളിയാണ്. പുതിയ റൂട്ടുകൾക്കായി അവശേഷിക്കുന്ന ബോട്ടുകൾ കൊച്ചിൻ ഷിപ്പ് യാർഡ് എത്രയും വേഗം നൽകുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.
കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. വാട്ടർ മെട്രോ ടെർമിനലുകളിലേക്ക് എത്തുന്നതിനും അവിടെ നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നതിനും സഹായകരമാകാൻ ഫസ്‌റ്റ് ആൻഡ് ലാസ്‌റ്റ് മൈൽ കണക്റ്റിവിറ്റി നിലവിലുള്ളതിലും മികച്ചതാക്കുവാനാണ് ശ്രമം. ഇതിനായി വിവിധ പദ്ധതികൾ പരിഗണനയിലാണ്.
വാട്ടർ മെട്രോയും ടൂറിസം സാധ്യതകളും
അതാത് മേഖലകളിലെ ടൂറിസം സാധ്യകൾ പരിഗണിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പദ്ധതികൾ തയ്യാറാക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന നിർദ്ദേശവും കെഎംആർഎൽ മുന്നോട്ട് വെക്കുന്നു.
ദ്വീപുനിവാസികൾക്ക് വരുമാനമാകുന്ന തരത്തിൽ ഫിഷിങ്ങ്, കലാപരിപാടികൾ, മറ്റ് ആക്റ്റിവിറ്റികൾ എന്നിവ ക്രമീകരിച്ച് വാട്ടർ മെട്രോയിൽ സഞ്ചാരികളെ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് മാതൃകയിൽ ദ്വീപുകളിലേക്ക് എത്തിക്കുന്നതിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്യും. കൂടുതൽ ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് ടൂറിസം സാധ്യതകൾ വിനിയോഗിച്ച് വിനോദസഞ്ചാരികൾക്കായി പ്രത്യേകം ട്രിപ്പുകൾ ക്രമീകരിക്കുന്നതും ആലോചനയിലാണ്.
ലോകോത്തര നിലവാരമുള്ള ബോട്ടുകൾ
50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്ന 23 ബോട്ടുകളും, 50 പേർക്ക് ഇരിക്കാൻ കഴിയുന്ന 55 ബോട്ടുകളുമാണ് വാട്ടർ മെട്രോയ്ക്ക് വേണ്ടി ആകെ ഒരുങ്ങുന്നത്. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും, ഇവ രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയും ഈ ബോട്ടുകൾക്കുണ്ട്.
പശ്ചിമ കൊച്ചിയിൽ നിന്നും വൈപ്പിൻ ദ്വീപുകളിൽ നിന്നും സുരക്ഷിതമായി നഗരത്തിൽ വേഗത്തിൽ എത്തിച്ചേരാനും നഗരത്തിൽ നിന്നും കൊച്ചിയുടെ വിവിധ മേഖലകളിലേക്ക് തടസങ്ങളില്ലാത്ത യാത്രയ്ക്കുമാണ് വാട്ടർ മെട്രോ അവസരമൊരുക്കുന്നത്. യാത്രക്കാരായ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെയുള്ള ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ട്.
പൂര്‍ണമായും ശീതികരിച്ച ബോട്ടിലിരുന്ന് സുതാര്യമായ ഗ്ലാസിലൂടെ കായല്‍ കാഴ്‌ചകള്‍ പൂര്‍ണമായും ആസ്വദിച്ച് യാത്ര ചെയ്യാം. നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാണ് ജല മെട്രോയെന്നതും സവിശേഷതയാണ്. കൊച്ചിയുടെ ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും അനന്തസാധ്യതകളാണ് വാട്ടർ മെട്രോ തുറന്നിടുന്നത്.