മലപ്പുറം: മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ രോഗലക്ഷണം. രോഗിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സാംപിളുകള്‍ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സാംപിള്‍ പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്കും അയച്ചു.
മലപ്പുറം സ്വദേശിയായ അറുപത്തെട്ടുകാരനാണ് ചികിത്സയിലുള്ളത്. എന്നാല്‍ ഇയാള്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍പ്പെടുന്ന ആളല്ല. സമാന രോഗലക്ഷണം കണ്ടതോടെയാണ് വിദഗ്‌ദ്ധ ചികിത്സയ്ക്കായി രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുവിന്‍റെയും സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
രോഗം നിയന്ത്രിക്കാൻ അടിയന്തര പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം കേരളത്തോട് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്രത്തിന്‍റെ സംയുക്ത ഔട്‌ബ്രേക്ക് റെസ്‌പോൺസ് സംഘത്തെ വിന്യസിക്കും. പരിശോധന, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കൽ, തുടങ്ങിയ കാര്യങ്ങളിലടക്കം ഈ സംഘം സംസ്ഥാനത്തെ സഹായിക്കും
Also Read: നിപ വൈറസ്: 63 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍, സമ്പര്‍ക്കപ്പട്ടികയില്‍ 246 പേര്‍