തിരുവനന്തപുരം: കരമന അഖിൽ കൊലപാതക കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. അഖിൽ എന്ന അപ്പുവിനെയാണ് കരമന പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് പുലർച്ചെ തമിഴ്‌നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
പിടിയിലായ അഖിൽ ആണ് കൊല്ലപ്പെട്ട അഖിലിനെ കല്ലുകൊണ്ട് ക്രൂരമായി മർദിച്ചത്. പ്രതികളെ സഹായിച്ച കിരൺ, ഹരിലാൽ, കിരൺ കൃഷ്‌ണ എന്നിവരെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ട മറ്റ് രണ്ട് പേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ ദിവസമാണ് കരമന സ്വദേശി അഖിലിനെ പട്ടാപ്പകല്‍ മൂവര്‍സംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട അഖിലും പ്രതികളും തമ്മില്‍ നേരത്തെ ബാറില്‍ വച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് നല്‍കിയ വിവരം.
കരമന, കൈമനം, മരുതൂര്‍ക്കടവിലെ വീടിനോട് ചേര്‍ന്ന് അലങ്കാര മത്സ്യങ്ങള്‍ വിൽക്കുന്ന പെറ്റ് ഷോപ്പ് നടത്തിയിരുന്ന അഖിലിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയാണ് പ്രതികള്‍ കൃത്യം നടത്തിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.