തിരുവനന്തപുരം : സപ്ലൈകോ ഓണചന്തകൾ ആരംഭിച്ചപ്പോൾ സബ്‌സിഡി സാധനങ്ങൾക്ക് വില വർധനവ്. സബ്‌സിഡി ഇനങ്ങളായ മട്ട അരി, പച്ചരി, പഞ്ചസാര എന്നിവയ്ക്കാണ് വില വർധിപ്പിച്ചത്. ഓണത്തിന് പൊതു വിപണിയിൽ വില വർധനവ് ഭക്ഷ്യവകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില തന്നെ ഇപ്പോൾ വർധിപ്പിച്ചിരിക്കുകയാണ്. പഞ്ചസാരയ്ക്ക് ആറു രൂപയും തുവരപ്പരിപ്പിന് നാലു രൂപയും അരിക്ക് മൂന്നുരൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്.
വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം കിഴക്കേകോട്ടയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം ഫെയറുകൾ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിത വിലവർധനവ്. തിരുവനന്തപുരം കിഴക്കേകോട്ടയിലെ സപ്ലൈകോ ഔട്ട്ലെറ്റിൽ പഞ്ചസാരയ്ക്ക് 26 ൽ നിന്നും 33 ആക്കി വർധിപ്പിച്ചു. മട്ട അരി 30 ൽ നിന്നും 33 രൂപയും പച്ചരിക്ക് 27 ൽ നിന്നും 29 രൂപയുമാക്കി വർധിപ്പിച്ചു.
പുതുക്കിയ വില നിലവാരത്തിലാകും ഇന്നുമുതൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ വിൽപന നടത്തുക. അതേ സമയം ചെറുപയറിന് 93 ൽ നിന്നും 90 രൂപയും ഉഴുന്നിന് 95 ൽ നിന്നും 90 ആയും വറ്റൽ മുളകിന് 82 ൽ നിന്നും 78 ആയും വില കുറച്ചു.
പൊതു വിപണിയിൽ പഞ്ചസാരയ്ക്ക് 44 രൂപയും അരിക്ക് 36 രൂപ വരെയുമാണ് ഈടാക്കുന്നതെന്നും പൊതുവിപണിയിലെ വിലയ്ക്കാണ് ഏജൻസികൾ സർക്കാരിന് സാധനങ്ങൾ ലഭ്യമാക്കുന്നത്. ഈ സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനാകില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് അറിയിക്കുന്നത്.
Also Read: സെപ്‌റ്റംബറില്‍ അവധി ദിനങ്ങള്‍ ഏറെ; ബാങ്കിലേക്ക് പോകും മുമ്പ് ശ്രദ്ധിച്ചോളൂ...