തിരുവനന്തപുരം: കടമെടുപ്പിലെ അനിശ്ചിതത്വവും സാമ്പത്തിക ഞെരുക്കവും തുടരുന്നതിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ ഓണത്തിന് പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും ക്ഷേമ പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. ആനുകൂല്യങ്ങള്‍ ഇങ്ങിനെ
സര്‍ക്കാര്‍ ജീവനക്കാര്‍:
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും.ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പാർട്ട് ടൈം, കണ്ടിൻജന്‍റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്.
കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ,- സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും.
പെന്‍ഷന്‍കാര്‍ക്ക്:
സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.
കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളിൽ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കിയതായും ധനകാര്യമന്ത്രി അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സര്‍ക്കാര്‍ , ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാരിനെതിരായ രാഷ്ട്രീയ പോര്‍മുഖം തുറന്നു കൊണ്ടാണ്. ക്ഷേമ കാര്യങ്ങളില്‍ നിന്ന് സര്‍ക്കാരിന് പുറകോട്ട് പോകാനാവില്ലെന്ന് സ്ഥാപിക്കുന്നതാണ് ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച നടപടിയെന്ന് ധനമന്ത്രി വിശദീകരിച്ചു. 13 ലക്ഷം ജീവനക്കാര്‍ക്കും അതു വഴി കുടുംബങ്ങളിലേക്കും ആശ്വാസമേകുന്നതാണ് നടപടി.
ക്ഷേമ പെന്‍ഷന്‍കാര്‍ക്കും:
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമേ ക്ഷേമ പെന്‍ഷന്‍കാര്‍ക്കും രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഓണത്തിനു മുമ്പ് നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിനുള്ള തുക അനുവദിച്ച ധനമന്ത്രാലയം ഉത്തരവിറക്കി.പെന്‍ഷന്‍ വിതരണം അടുത്ത ബുധനാഴ്‌ച ( 11/9/2024) ആരംഭിക്കും. ഈ മാസത്തെ പെന്‍ഷന്‍ ഓണം പ്രമാണിച്ച് മുന്‍കൂര്‍ നല്‍കുന്നതിനൊപ്പം കുടിശ്ശിക വന്നതില്‍ ഒരു മാസത്തെ പെന്‍ഷന്‍ കൂടി നല്‍കാനാണ് തയാറെടുക്കുന്നത്.
അങ്ങിനെ ക്ഷേമ പെന്‍ഷന്‍ കാര്‍ക്ക് മുഴുവന്‍ 3200 രൂപ ഓണത്തിന് മുമ്പ് ലഭിക്കും. രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് 1700 കോടി രൂപയാണ്.ആകെ 62 ലക്ഷം പേര്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും. ഇരുപത്താറര ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്കും അവശേഷിക്കുന്നവര്‍ക്ക് നേരിട്ടും പെന്‍ഷന്‍ ലഭിക്കും.
സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ കുടിശിക വരുത്തുന്നതില്‍ മുമ്പ് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. സമയബന്ധിതമായി കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ അവകാശപ്പെട്ടിരുന്നു. നിലവില്‍ ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതു കൂടി കണക്കിലെടുത്താല്‍ ഓണത്തിന് മുമ്പ് ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് മൂന്നു ഗഡു പെന്‍ഷന്‍ ലഭിക്കും. (4800 രൂപ).