തിരുവനന്തപുരം: വാടക വീട് ഒഴിഞ്ഞു തരാന്‍ ആവശ്യപ്പെട്ട വീട്ടുടമയായ വയോധികനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊന്ന പ്രതിയെ കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി ആജ് സുദര്‍ശനനാണ് പ്രതിയെ ശിക്ഷിച്ചത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയയായ മലയിന്‍കീഴ് സ്വദേശി മാടന്‍ വിനേഷ് എന്ന വിനേഷാണ് കേസിലെ പ്രതി. വിളവൂര്‍ക്കല്‍ കവലോട്ടുകോണം ഉദയഭവനില്‍ കൃഷ്‌ണന്‍ കുട്ടിയെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്.
ഓരോ കൊലപാതകവും നമ്മുടെ സംസ്‌കാരത്തിന്‍റെ ഹൃദയത്തിലേല്‍പ്പിക്കുന്ന മുറിവാണെന്ന് കോടതി വിലയിരുത്തി. കൊലപാതകം സാധാരണക്കാരന്‍റെ സ്വൈര്യ ജീവിതത്തിനു നേര്‍ക്കുളള കടന്നാക്രമണമാണെന്നാണ് കോടതി നിരീക്ഷണം.
കൃഷ്‌ണന്‍കുട്ടിയുടെ വീട്ടിലെ വാടകക്കാരനായിരുന്നു പ്രതി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രതി വീട് മാറി കൊടുത്തിരുന്നില്ല. നിരന്തരം കൃഷ്‌ണന്‍ കുട്ടി വീട് മാറണമെന്ന ആവശ്യവുമായി പ്രതിയെ സമീപിച്ചതാണ് പ്രകോപനത്തിന് കാരണം.
2012 ഡിസംബര്‍ 13 ന് വൈകുന്നേരം 5.30 നാണ് കൃഷ്‌ണന്‍കുട്ടി ആക്രമിക്കപ്പെട്ടത്. ഒന്‍പത് ദിവസത്തെ ചികിത്സയക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം നടന്നത്. പിഴ തുക പ്രതി അടയ്ക്കുകയാണെങ്കില്‍ അത് കൊല്ലപ്പെട്ട കൃഷണന്‍കുട്ടിയുടെ മകന്‍ ഉദയകുമാറിന് നല്‍കണം. പ്രതി പിഴ ഒടുക്കിയില്ലെങ്കില്‍ ജയിലില്‍ പ്രതിക്ക് കിട്ടുന്ന വേതനത്തില്‍ നിന്ന് ഒരു ലക്ഷം രൂപ എടുത്ത് കോടതി ഉത്തരവ് നടപ്പാക്കാനും ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കി. പ്രോസിക്യൂഷന് വേണ്ടി അഢീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. പ്രവീണ്‍ കുമാര്‍ ഹാജരായി.
Also Read: രേണുക സ്വാമിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്: ശരീരത്തിൽ കണ്ടെത്തിയത് 15 മുറിവുകൾ