കോട്ടയം: അതിരമ്പുഴയിൽ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ. ഒഡിഷ സ്വദേശി നാരായൺ നായികാണ് (35) രണ്ട് കിലോയിലധികം കഞ്ചാവുമായി ഗാന്ധിനഗർ പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ (12-08-2024) രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
ഏറ്റുമാനൂരിൽ ട്രെയിനിൽ എത്തിയ പ്രതി യൂണിവേഴ്‌സിറ്റി ഭാഗത്തേക്ക് വരുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രധാനമായും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ഇടപാടുകാർ ഗൂഗിൾ പേ വഴി പ്രതിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരുന്നത്.
പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് രണ്ട് കിലോ 70 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഗാന്ധിനഗർ എസ്‌ഐ എംകെ അനുരാജിൻ്റെ നേതൃത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
സമാനമായി ഇന്നലെ കോഴിക്കോട് ജില്ലയിലും കഞ്ചാവ് പിടികൂടിയിരുന്നു. ഒഡിഷ സ്വദേശി സുശാന്ത് കുമാര്‍ സ്വയാണ് 800 ഗ്രാം കഞ്ചാവുമായി പൊലീസിന്‍റെ പിടിയിലായത്. കോഴിക്കോട് എക്‌സൈസ് ഇൻ്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി വലയിലായത്.
Also Read : കോഴിക്കോട് കഞ്ചാവ് വേട്ട; ഒഡിഷ സ്വദേശി അറസ്റ്റില്‍