തിരുവനന്തപുരം: പത്തനംതിട്ടയിൽ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യ സർവകലാശാല വിസി ഡോ.മോഹനൻ കുന്നുമ്മൽ. മരിച്ച അമ്മുവിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഇന്ന് (നവംബർ 19) രാവിലെ 10:30ഓടെയാണ് വിസി തിരുവനന്തപുരം പോത്തൻകോടുള്ള അമ്മുവിൻ്റെ വീട്ടിലെത്തിയത്.
ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് വിസി അമ്മുവിൻ്റെ വീട്ടിലെത്തി രക്ഷിതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. കോളജിൻ്റെ വിശദീകരണം കൂടി ലഭിച്ച ശേഷമാകും അദ്ദേഹം ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുക. സംഭവത്തിൽ വീഴ്‌ചകളുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് വിസി കുടുംബത്തിന് ഉറപ്പ് നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അയിരൂപ്പാറ സ്വദേശിയായ അമ്മു എ സജീവ് (22) മരിച്ചത്. സഹപാഠികളായ മൂന്ന് വിദ്യാർഥിനികളുടെ മാനസിക പീഡനമാണ് നാലാം വർഷ നഴ്‌സിങ് വിദ്യാർഥിനിയായ അമ്മു ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
വെള്ളിയാഴ്‌ച രാത്രി ഏഴ് മണിയോടെ വെട്ടിപ്രത്തുള്ള ഹോസ്റ്റലില്‍ അമ്മു ജീവനൊടുക്കിയത്. ഉടൻ തന്നെ അമ്മുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിച്ചു. ഇതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. എന്നാൽ യാത്രാമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിദ്യാർഥിനിയുടെ മരണകാരണം അന്വേഷിച്ചപ്പോൾ ഡയറിയിൽ നിന്നും 'ഐ ക്വിറ്റ്' എന്ന ഒറ്റവരിയുള്ള കത്ത് മാത്രമാണ് ലഭിച്ചത്. എന്നാൽ പിന്നീട് സഹപാഠികളായ മൂന്ന് വിദ്യാർഥിനികൾ അമ്മുവിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കാട്ടി പിതാവ് സജീവ് പ്രിൻസിപ്പലിന് നൽകിയ പരാതി പൊലീസിന് ലഭിച്ചു.
ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിൻ്റെ ജീവന് വരെ ഭീഷണി ഉള്ളതായി പിതാവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ചില അധ്യാപകരും ഇതിന് ഒത്താശ ചെയ്‌തിരുന്നതായും പരാതിയില്‍ കുടുംബം ചൂണ്ടിക്കാട്ടുന്നുണ്ട്.
Also Read: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; അന്വേഷണത്തിന് നിര്‍ദേശിച്ച് ആരോഗ്യ മന്ത്രി