കണ്ണൂര്‍: പൊതു വിതരണ സംവിധാനമില്ലാത്ത രാജ്യത്തെ ഏക സംസ്ഥാനമാണ് പുതുച്ചേരി. നാല് വര്‍ഷം മുമ്പ് റേഷന്‍ വിതരണത്തില്‍ ഭരണകൂടം അഴിമതി നടത്തുന്നുണ്ടെന്ന ആരോപണം ഉന്നയിച്ച് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ഉത്തരവിനാലാണ് പുതുച്ചേരിയിലും പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും റേഷന്‍ വിതരണം തടസപ്പെട്ടത്.
ജനാധിപത്യ ഭരണം നിലനില്‍ക്കുന്ന സംസ്ഥാനത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടികളാണ് ഗവര്‍ണര്‍ എടുത്തത്. അന്നു മുതല്‍ ബാങ്ക് അക്കൗണ്ട് മുഖേന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാസാമാസം റേഷനുളള തുക നല്‍കുമെന്നായിരുന്നു വാഗ്‌ദാനം. ബിപിഎല്‍ വിഭാഗത്തിന് പ്രതിമാസം 600 രൂപയും എപിഎല്‍ വിഭാഗത്തിന് 300 രൂപയും അരി ഉള്‍പ്പെടെയുളള എട്ട് ധാന്യങ്ങള്‍ക്കായി അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക കൃത്യമായി ലഭിക്കാറില്ല. പൊതു തെരഞ്ഞെടുപ്പിന്‍റെ പ്രഖ്യാപനം വന്നതോടെ കുടിശ്ശിക ഉള്‍പ്പെടെ കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള തുക ലഭിച്ചു.
ഒരു കാലത്ത് മികച്ച രീതിയില്‍ ആവശ്യത്തിന് അരിയും അനുബന്ധ ധാന്യങ്ങളും റേഷന്‍ കട വഴി ലഭിച്ചു പോന്ന ഇടമായിരുന്നു മാഹി. മാഹി എംപ്ലോയീസ് കോര്‍പ്പറേറ്റീവ് സൊസൈറ്റിക്ക് മാഹിയിലും പള്ളൂരുമായി പത്തിലേറെ റേഷന്‍ കടകള്‍ ഉണ്ടായിരുന്നു. കണ്‍സ്യൂമര്‍ കോ-ഓപ്പറേററീവ് സൊസൈറ്റിയും റേഷന്‍ സാധനങ്ങള്‍ വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ എല്ലാ റേഷന്‍ കടകളും അടച്ചു പൂട്ടുകയും മറ്റ് സ്ഥാപനങ്ങളായി മാറിയിരിക്കുകയുമാണ്. ശക്തമായ റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കപ്പെടണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകേണ്ടതുണ്ട്.
ഒരു പൊതു വിതരണ സമ്പ്രദായവും മാഹിയില്‍ ഇല്ലാത്തതിനാല്‍ അധിക വിലയ്‌ക്ക് സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയിലാണ് മാഹിയിലെ ജനങ്ങള്‍. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യത്തില്‍ കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് ജനങ്ങള്‍ പറയുന്നു. പോണ്ടിച്ചേരി സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്താല്‍ മാത്രമേ മാഹിയില്‍ പൊതു വിതരണ സമ്പ്രദായവും അതുവഴി റേഷന്‍ വിതരണവും തിരിച്ച് കൊണ്ടു വരാന്‍ പറ്റുകയുള്ളൂ.
കേരളത്തില്‍ അഞ്ച് അംഗങ്ങളുള്ള ഒരു ബിപിഎല്‍ കുടുംബത്തിന് 20 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പുമാണ് പ്രതിമാസം ലഭിക്കുന്നത്. എന്നാല്‍ ഇത്രയും സാധനങ്ങള്‍ മാഹിയില്‍ വാങ്ങണമെങ്കില്‍ ആയിരം രൂപയിലേറെ നല്‍കേണ്ടി വരും. യാതൊരുവിധ പൊതുവിതരണ സംവിധാനവുമില്ലാത്തതിനാല്‍ മാര്‍ക്കറ്റ് വില നല്‍കേണ്ടതിനാലാണ് ഇത്. അരിക്കും മറ്റും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന മാഹിയില്‍ പൊതുവിതരണ സംവിധാനം അനിവാര്യമാണ്.
മാഹി സിവില്‍ സ്‌റ്റേഷനില്‍ സിവില്‍ സപ്ലെയ്‌സ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. റേഷന്‍ സംവിധാനം നിലവിലില്ലാത്ത മാഹിയില്‍ ഈ ഓഫീസിന്‍റെ ആവശ്യം പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ഒരു കാലത്ത് രാജ്യത്തെ തന്നെ റേഷനിങ് സംവിധാനത്തില്‍ പേരുകേട്ട മാഹിയില്‍ ഇനിയെങ്കിലും പൊതു വിതരണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Also Read: