തിരുവനന്തപുരം: സർവകലാശാലയിൽ ആരെയും സർവ്വധികാരിയായി വെച്ചിട്ടില്ലെന്നും കോടതി ഏതെങ്കിലും രണ്ടാൾക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. പ്രോ ചാൻസിലർ സെനറ്റിന്‍റെ മെമ്പറാണ്, അറിയിപ്പ് കിട്ടിയിട്ടാണ് യോഗത്തിൽ പങ്കെടുത്തത്. പ്രോ ചാൻസിലർക്ക് അധ്യക്ഷ ആവാൻ ചാൻസിലർ അധികാരപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി ആവർത്തിച്ചു. എന്നാൽ നിയമ വിരുദ്ധമായ യോഗത്തിൽ എന്തിന് പങ്കെടുത്തുവെന്നും കോടതിയിൽ അറിയിച്ചില്ല എന്നതും ഇടത് അംഗങ്ങളോട് തന്നെ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.
ചാൻസലർ എന്ത് പറയുന്നോ അതനുസരിച്ചു പ്രവർത്തിക്കുകയാണ് കേരള വിസി. പ്രതിനിധികളുടെ പേരുകൾ ആരും വിളിച്ചു പറഞ്ഞതല്ല. അദ്ദേഹം തന്നെ വിളിച്ചു പറഞ്ഞതാണ്. ആരും പിന്താങ്ങിയിട്ടുമില്ല. അല്ലാതെ നോമിനേഷനായി ആ പേരുകൾ പരിഗണിക്കില്ല. സേനറ്റ് ഒരു ജനാധിപത്യ വേദിയാണ്. അതിൽ ഭൂരിപക്ഷ അഭിപ്രായമാണ് പരിഗണിക്കുക. അതനുസരിച്ചാണ് പ്രമേയം പാസാക്കിയതെന്നും ആർ ബിന്ദു പറഞ്ഞു.
ഇൻ ദി ആബ്സെൻസ് എന്നത് യോഗത്തിൽ പങ്കെടുക്കുന്നില്ല എന്നത് തന്നെയാണ്. ചാൻസിലർ ഇല്ലാത്ത പക്ഷം പ്രോ ചാൻസിലർക്ക് സെനറ്റ് യോഗത്തിന്‍റെ അധ്യക്ഷ പദവി ഏറ്റെടുക്കാം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള സർവകലാശാലയിലെ സെനറ്റ് യോഗ പ്രമേയം റദ്ദ് ചെയ്യുന്നതിനായി ചാൻസിലർ വൈസ് ചാൻസിലറോട് റിപ്പോർട്ട് തേടിയിരുന്നു. മന്ത്രി അധ്യക്ഷത വഹിച്ചത് ചട്ട ലംഘനമാണെന്നാണ് വി സി നേരിട്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
മന്ത്രി ലംഘിച്ചത് സുപ്രീംകോടതി വിധിയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സെനറ്റ് പ്രമേയം റദ്ദ് ചെയ്യുമെന്നുമായിരുന്നു ചാൻസിലർ അറിയിച്ചത്. ഇതിന്‍റെ ഭാഗമായാണ് വി സി യോട് റിപ്പോർട്ട് തേടിയത്. നിയമോപദേശം കൂടി തേടിയതിനുശേഷം ആയിരിക്കും അന്തിമ തീരുമാനം ഗവർണർ എടുക്കുക.