തൃശ്ശൂര്‍: വയനാട്, പാലക്കാട് മണ്ഡലങ്ങളില്‍ തങ്ങളുടെ പിന്തുണ യുഡിഎഫിനെന്ന് പിവി അൻവര്‍ എംഎല്‍എയുടെ ചേലക്കരയിലെ സ്ഥാനാര്‍ഥി എൻ കെ സുധീർ. സ്വതന്ത്ര സ്ഥാനാർഥിയായാണ് താൻ ചേലക്കരയില്‍ മത്സരിക്കുന്നത്. ചേലക്കരയിലും യുഡിഎഫുമായി നീക്കുപോക്കുകൾക്കായി ചർച്ചകൾ തുടരുന്നുവെന്നും എൻകെ സുധീർ വ്യക്തമാക്കി.
തൃശൂരില്‍ കെ കരുണാകരന്‍റെ സ്‌മൃതിമപണ്ഡപത്തിൽ എത്തി പുഷ്‌പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കരയില്‍ തങ്ങള്‍ക്ക് വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'യുഡിഎഫ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നത് പിവി അൻവറാണ്. വിവിധ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് അറിയാൻ സാധിച്ചത്. വയനാട്ടില്‍ യുഡിഎഫിന് പിന്തുണ നല്‍കാനാണ് തീരുമാനം. പാലക്കാട്ടും അതിന് സാധ്യതകളേറെയാണ്'- എൻ കെ സുധീർ മാധ്യമങ്ങളോട് പറഞ്ഞു.
ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ മുന്‍പ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് എന്‍കെ സുധീര്‍. കെപിസിസി സെക്രട്ടറി, ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സുധീറിന്‍റെ പേരും ഉണ്ടായിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് രമ്യ ഹരിദാസിന് സീറ്റ് നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അൻവറിന്‍റെ ഡിഎംകെയുമായി സഹകരിച്ച് ചേലക്കരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാൻ സുധീർ തീരുമാനിച്ചത്.
Also Read : 'സത്യസന്ധമായി പ്രവർത്തിച്ച് വിജയം കൊയ്യും'; ചേലക്കരയില്‍ പ്രചാരണം കൊഴുപ്പിച്ച് യുആര്‍ പ്രദീപ്