കൊല്ലം: സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ 'പ്രേമലു' തെരഞ്ഞെടുപ്പ് പോസ്‌റ്ററിന് പിന്നാലെ വീണ്ടും വ്യത്യസ്‌ത പോസ്‌റ്ററിറക്കി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രൻ. മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിന്‍റെ പോസ്‌റ്റർ മാതൃകയിലാണ് ആർഎസ്‌പി പ്രേമചന്ദ്രന്‍റെ പുതിയ പോസ്‌റ്റർ. പ്രേമലു പോസ്‌റ്ററിന് പിന്നാലെ കൊല്ലം സ്ക്വാഡ് പോസ്‌റ്ററും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.
രാജ്യത്തെ ഏറ്റവും മികച്ച പാര്‍ലമെന്‍റേറിയന്‍ എന്ന മേല്‍വിലാസമുള്ള പ്രേമചന്ദ്രന്‍ മണ്ഡലത്തിലെ ഓരോ കുഞ്ഞിന് പോലും സുപരിചിതനാണ്. വിജയത്തെക്കുറിച്ച് സ്ഥാനാർഥിക്കോ പാര്‍ട്ടിക്കോ തെല്ലും ആശങ്കകളുമില്ല. എന്നാലും നാടോടുമ്പോള്‍ നടുവെ ഓടണമല്ലോ. അങ്ങനെയാണ് പ്രചാരണത്തില്‍ വ്യത്യസ്‌തത കൊണ്ടുവരണമെന്നൊരാശയം പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞത്.
ഹിറ്റായി പ്രേമലു: പുത്തന്‍കൂറ്റുകാരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമപ്രചരണം ശക്തമാക്കാനായിരുന്നു നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. ഇതിന്‍പ്രകാരമാണ് സാമൂഹ്യമാധ്യമ ചുമതലയുള്ള സംസ്ഥാന കമ്മിറ്റി അംഗം സി കൃഷ്‌ണചന്ദ്രന്‍ വേറിട്ടൊരു ആശയം അവതരിപ്പിച്ചത്. ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പ്രേമലു എന്ന ചിത്രത്തിന്‍റെ പേര് എടുത്ത് ഒരു പോസ്‌റ്ററിന് അദ്ദേഹം രൂപം നല്‍കി.
കൊല്ലത്തിന്‍റെ പ്രേമലു എന്ന ക്യാച്ച് വേര്‍ഡോടെ രൂപകല്‍പ്പന ചെയ്‌ത ആ പോസ്‌റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കൊല്ലത്തിന്‍റെ പ്രേമലു എന്‍ കെ പ്രേമചന്ദ്രനെ വിജയിപ്പിക്കുക എന്നതാണ് പോസ്‌റ്റര്‍. പ്രേമചന്ദ്രന്‍റെ ചിത്രവും പാര്‍ട്ടി ചിഹ്നവും പോസ്‌റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചലച്ചിത്രതാരം മുകേഷാണ് എതിരാളിയെങ്കിലും അതൊന്നും പ്രേമചന്ദ്രന്‍റെ വിജയത്തിന് തെല്ലും കരിനിഴല്‍ വീഴ്‌ത്തുകയില്ലെന്നാണ് മണ്ഡലത്തിലെ ഓരോ വോട്ടര്‍മാരും കാര്യകാരണങ്ങള്‍ അക്കമിട്ട് നിരത്തി പറയുന്നത്. കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും സോഷ്യല്‍ മീഡിയ കമ്മിറ്റികള്‍ ആര്‍എസ്‌പി രൂപീകരിച്ചിട്ടുണ്ട്.
പ്രേമലു ഹിറ്റായതോടെ അച്ചടിച്ചും ഈ പോസ്‌റ്റര്‍ ഇറക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. 2019 ല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശും ഇത്തരത്തില്‍ സിനിമയുടെ പേരു കടമെടുത്ത് ഞാന്‍ പ്രകാശന്‍ എന്നൊരു പോസ്‌റ്റര്‍ തയ്യാറിക്കിയിരുന്നു.