എറണാകുളം: മൂവാറ്റുപുഴ നിർമല കോളജിൽ പ്രാർഥന ഹാൾ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പാൾ ഫാദർ ജസ്റ്റിൻ കണ്ണാടൻ. കോളജിൽ വിദ്യാർഥിനികൾക്ക് പ്രാർഥന ഹാൾ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന തീരുമാനമാണ് കൈക്കൊണ്ടത്. കോളജിൻ്റെ തീരുമാനത്തിന് സമൂഹത്തിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
പ്രാർഥന ഹാൾ വിവാദത്തിൽ തെറ്റായ പ്രചാരണത്തിലൂടെ അനാവശ്യ സ്‌പർധ സൃഷ്‌ടിക്കാൻ ഇടവരുത്തരുതെന്നും പ്രിൻസിപ്പാൾ പറഞ്ഞു. രാജ്യത്തിൻ്റെ അഖണ്ഡത കാത്ത് സൂക്ഷിക്കാൻ കടപ്പെട്ടവരാണ് തങ്ങളെന്നും പ്രിൻസിപ്പാൾ കൂട്ടിച്ചേർത്തു. 'കോളജിൽ പ്രാർഥനയ്ക്കായി ഒരു മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മതവിഭാഗക്കാർ അപേക്ഷ നൽകിയിരുന്നു.
കോളജ് ഇത് പരിശോധിച്ചിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന തീരുമാനമാണ് കോളജ് എടുത്തത്. നിർമല കോളജ് പുലർത്തി വരുന്ന മതേതര നിലപാട് തുടർന്ന് പോകുമെന്ന് സമൂഹത്തെ അറിയിക്കുകയാണ്.
വിദ്യാർഥിനികൾ പ്രാർഥനയ്ക്കായി പുറത്തു പോകുന്നതിൽ കോളജിന് എതിർപ്പില്ല. കോളജിന് സമീപത്ത് തന്നെയുള്ള മസ്‌ജിദ് പ്രാർഥനയ്ക്കായി അവർക്ക് ഉപയോഗിക്കാൻ കഴിയും. എന്നാൽ കോളജിൽ ഒരു വിഭാഗത്തിന് പ്രാർഥന നടത്താൻ അനുമതി നൽകാൻ കഴിയില്ല.
നിർമല കോളജിൽ ഉച്ചയ്ക്ക് ഒരു മണിക്കൂർ സമയമാണ് ഇടവേള അനുവദിക്കുന്നത്. ഈ സംഭവത്തിന് പിന്നിൽ ഗൂഡാലോചന ഉള്ളതായി തങ്ങൾ കരുതുന്നില്ല. കഴിഞ്ഞ 72 വർഷമായി നിർമല കോളജ് പുലർത്തി പോരുന്ന നിലപാടിൽ ഒരു മാറ്റവുമില്ല. ഈ പ്രശ്‌നത്തോട് പൊതുസമൂഹം ക്രിയാത്മകമായാണ് പ്രതികരിച്ചത്'- പ്രിൻസിപ്പാൾ പറഞ്ഞതിങ്ങനെ.
പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി ആവശ്യമാണോയെന്ന് കോളജ് സമിതികൾ തീരുമാനിക്കും. ഇപ്പോൾ അച്ചടക്ക നടപടിയെ കുറിച്ച് ആലോചിക്കുന്നില്ല. വിദ്യാർഥി സംഘടനകൾ കോളജിൻ്റെ നിലപാടിന് ഒപ്പമാണെന്ന് വ്യക്തമാക്കി കഴിഞ്ഞു.
ഈ വിഷയത്തിൽ ഇനി ചർച്ച ആവശ്യമില്ല. കോളജ് നിലപാട് എല്ലാവരും അംഗീകരിക്കുകയാണ്. പ്രതിഷേധിച്ച വിദ്യാർഥികളെ തങ്ങളുടെ വിദ്യാർഥികളായി തന്നെയാണ് കാണുന്നത്. അവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു സംഭവമുണ്ടായതിൽ കോളജിന് വലിയ പ്രയാസമുണ്ടായതായി മാനേജ്മെൻ്റ് വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കോളജിന് പിന്തുണ അറിയിച്ചതായും പ്രിൻസിപ്പാൾ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു കോളജിൽ പ്രാർഥന സൗകര്യത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ കോളജ് പ്രിൻസിപ്പാളുടെ ഓഫിസിൽ പ്രതിഷേധിച്ചത്.