മലപ്പുറം : വണ്ടൂരില്‍ നിപ ബാധിച്ച് മരിച്ച യുവാവിന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി. തിരുവാലി പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും മാസ്‌ക് നിർബന്ധമാക്കി ആരോഗ്യവകുപ്പ്. പട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തിരുവാലി പിഎച്ച്‌സിയില്‍ ഇന്ന് യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഓൺലൈനിലൂടെ യോഗത്തില്‍ പങ്കെടുത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സെപ്റ്റംബർ 9 നാണ് പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ യുവാവ് മരിച്ചത്. വെള്ളിയാഴ്‌ചയാണ് സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്. മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ നിപ ഫലം പോസിറ്റീവ് ആയിരുന്നു.
സമ്പർക്ക പട്ടികയിലുള്ളവരിൽ മൂന്ന് ആളുകൾക്കാണ് നിലവിൽ ലക്ഷണങ്ങൾ കണ്ടത്. രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവരുടെ സാമ്പിളുകൾ മെഡിക്കൽ കോളജിലേക്ക് പരിശോധനയ്ക്ക് അയച്ചു. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നതിന് വേണ്ടി വാർഡ് കേന്ദ്രീകരിച്ച് സർവേക്ക് തുടക്കം.