ഹൈദരാബാദ്: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനിലേക്ക് തിരിക്കും. അടുത്ത ശനിയാഴ്‌ച (ഏപ്രിൽ 20) യാണ് യമനിലേക്ക് പുറപ്പെടുന്നത്. യെമനിലെ വ്യവസായിയായ തമിഴ്‌നാട് സ്വദേശി സാനുവൽ ജെറോമും ഒപ്പമുണ്ടാകുമെന്നാണ് വിവരം. മകളെ കാണാനും, മോചനത്തിനായി കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബത്തെ കണ്ട് ദയാധനത്തെ സംബന്ധിച്ചുള്ള ചർച്ച നടത്താനുമാണ് പോകുന്നതെന്നാണ് വിവരം. പ്രേമകുമാരിയുടെ അഭിഭാഷകനായ കെ എൽ സുഭാഷ് ചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
സൻആയിലെ ജയിലിലാണ് നിമിഷ പ്രിയ. യമനിലേക്ക് പോകാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് പ്രേമകുമാരിയും നിമിഷ പ്രിയ സേവ് ഫോറവും കേന്ദ്ര സർക്കാറിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇത് തള്ളിയിരുന്നു. ഇതേ തുടർന്ന് മകളുടെ മോചനത്തിനായി സഹായമഭ്യർഥിച്ചും യമനിൽ പോകാൻ അനുമതി തേടിയും ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച് മറ്റു നടപടികൾ പൂർത്തിയാക്കാനായി കോടതി വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ യമനിലേക്ക് പോകുന്നതിനാവശ്യമായ യാത്രാ ചെലവുകൾ സ്വയം വഹിക്കണമെന്നും സർക്കാർ യാതൊരു വിധ സഹായവും ചെയ്യില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഡൽഹി ഹൈക്കോടതിയുടെ അനുമതിക്ക് പിന്നാലെയാണ് പ്രേമകുമാരി വിസ നടപടികൾ അടക്കം പൂർത്തിയാക്കി യമനിലേക്ക് പോകാൻ ഒരുങ്ങുന്നത്.
ജീവിതം തകിടം മറിച്ചത് കൂട്ടുകച്ചവടം: വിവാഹ ശേഷം 2012ലാണ് നിമിഷ പ്രിയ വീണ്ടും യമനിൽ നഴ്‌സ് ആയി പോയത്. ഭർത്താവ് ടോമിയും യമനിൽ ജോലിക്കായി എത്തിയിരുന്നു. യമൻ പൗരൻ തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ പാർട്ടണർഷിപ്പിൽ ക്ലിനിക്ക് തുടങ്ങിയതാണ് നിമിഷയുടെ ജീവിതം കാരാഗൃഹത്തിലാകാന്‍ കാരണമായത്. ക്ലിനിക്ക് ആരംഭിച്ച ശേഷം ഭർത്താവും മകളും നാട്ടിലേക്ക് വന്നെങ്കിലും ഇതിനിടയിൽ യമനിൽ യുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ നിമിഷക്ക് തിരിച്ച് വരാന്‍ കഴിഞ്ഞില്ല.
ഇതോടെയാണ് നിമിഷ യമൻ പൗരന്‍റെ കുരുക്കിൽ കുടുങ്ങിയത്. നിമിഷയും യമൻ സ്വദേശിയായ മറ്റൊരു പെൺകുട്ടിയും തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ ശാരീരികവും മാനസികമായ പീഡനത്തിനിരയാവുകയായിരുന്നു. ഇവരുടെ പാസ്പോർട്ട് ഉൾപ്പടെ തലാൽ പിടിച്ചെടുത്തു. ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് മയക്ക് മരുന്ന് കുത്തിവച്ച് പാസ്പോർട്ടുമായി നിമിഷയും യമൻ വനിതയും രക്ഷപെട്ടത്.
എന്നാൽ പൊലീസ് പിടികൂടിയ ഇവരെ ജയിലിൽ അടച്ചു. ഇതിനിടെ താലാലിന്‍റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും വെട്ടി മുറിച്ച നിലയിൽ ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. തലാലിനെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് യമൻ വിചാരണ കോടതിയെ ബോധ്യപ്പെടുത്താൻ നിമിഷയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്കും യമനി വനിതയെ ജീവ പര്യന്തം തടവിനും ശിക്ഷിച്ചത്.
ഇതിനെതിരെ നിമിഷ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളുകയായിരുന്നു. ഇതിനെതിരെ യമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും അപ്പീൽ തള്ളി. ഇതോടെയാണ് നിമിഷയുടെ ജീവിതം തന്നെ അപകടത്തിലായത്. കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നിമിഷ പ്രിയക്ക് കഴിയുള്ളൂ. ഇതിനായി കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബത്തെ കണ്ട് ദയാധനത്തെ സംബന്ധിച്ച് ചർച്ച നടത്താനാണ് നിമിഷയുടെ അമ്മ ശനിയാഴ്‌ച യമനിലേക്ക് തിരിക്കുന്നത്.