എറണാകുളം : നിമിഷപ്രിയയെ അമ്മ പ്രേമകുമാരി പതിനൊന്ന് വർഷത്തിന് ശേഷം യമനിലെ ജയിലെത്തി നേരിൽ കണ്ടു. യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേർത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ അമ്മ പ്രേമകുമാരി യമനിലെ സനയിലെ ജയിലെത്തിയാണ് കണ്ടത്. നീണ്ട കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ശേഷമാണ് പ്രേമകുമാരിക്ക് മകളെ കണാനായത്.
അമ്മയും മകളും തമ്മിലുള്ള കൂടിക്കാഴ്‌ച അതിവൈകാരികമായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന സാമുവൽ ജെറോം നൽകുന്ന വിവരം. യമൻ സമയം ബുധനാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയശേഷം അവർക്കൊപ്പമാണ് പ്രേമകുമാരി ജയിലിലെത്തി നിമിഷയെ കണ്ടത്. ജയിലിനോട് ചേർന്ന പ്രത്യേക മുറിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്‌ചയ്ക്ക് ജയിൽ അധികൃതർ അവസരമൊരുക്കിയത്. ഇരുവർക്കും പുറത്ത് നിന്നുള്ള ഭക്ഷണം നൽകാനും അനുമതി നൽകിയിരുന്നു.
രണ്ടു മണിക്കൂറിലേറെ സമയം ഒരുമിച്ച് ചെലവഴിച്ചു. ഇപ്പോൾ പത്ത് വയസ് കഴിഞ്ഞ മകളെ കുറിച്ചായിരുന്നു നിമിഷ അമ്മയോട് കൂടുതലും സംസാരിച്ചത്. കൈക്കുഞ്ഞായിരുന്നപ്പോൾ മകളെ പിരിയേണ്ടി വന്ന നിമിഷയും, കഴിഞ്ഞ പതിനൊന്ന് വർഷമായി മകളെ കാണാനാകാതെ മകളുടെ മോചനത്തിനായി മാത്രം ജീവിക്കുന്ന പ്രേമകുമാരിയും തമ്മിലുള്ള കൂടിക്കാഴ്‌ചയെ കുറിച്ചുള്ള വിശദീകരണം അക്ഷരങ്ങൾക്കും വാക്കുകൾക്കുമതീതമാണ്.
എന്ത് വിലകൊടുത്തും രക്ഷപെടുത്തുമെന്ന് മകൾക്ക് വാക്ക് നൽകിയാണ് പ്രേമകുമാരി ജയിലിൽ നിന്ന് മടങ്ങിയത്. പ്രാദേശിക ഗോത്രനേതാക്കളുമായി ചർച്ച നടത്തി കൊല്ലപ്പെട്ട യമൻ പൗരൻ്റെ കുടുംബത്തെ കണ്ട് നിമിഷയ്ക്ക് മാപ്പ് നൽകണമെന്ന് അഭ്യർഥിക്കുകയാണ് അടുത്ത ലക്ഷ്യം. കുടുംബം മാപ്പ് നൽകിയാൽ നിമിഷപ്രിയയുടെ വധശിക്ഷയയിൽ ഇളവ് ലഭിക്കും. അല്ലാത്തപക്ഷം കുടുംബത്തിന് ദയാധനം നൽകി നിമിഷയെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുക.
തൻ്റെ മകൾക്ക് യമൻ പൗരൻ്റെ കുടുംബം മാപ്പുനൽകുമെന്ന പ്രതീക്ഷയായിരുന്നു യമനിലേക്ക് യാത്ര തിരിക്കും മുമ്പ് പ്രേമകുമാരി പ്രകടിപ്പിച്ചത്. യമനിലേക്ക് പോകാൻ അനുവാദം നൽകണമെന്ന അമ്മയുടെയും നിമിഷ പ്രിയ സേവ് ഫോറത്തിന്‍റെയും അപേക്ഷ കേന്ദ്ര സർക്കാർ സുരക്ഷാ കാരണത്താൻ തള്ളിയിരുന്നു. ഇതേ തുടർന്നായിരുന്നു മകളുടെ ജീവൻ രക്ഷിക്കാൻ സഹായമഭ്യർഥിച്ചും യമനിൽ പോകാൻ അനുമതി തേടിയും അമ്മ പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് നിയമപോരാട്ടത്തിലൂടെയായിരുന്നു സ്വന്തം നിലയിൽ യമനിലേക്ക് പോകാൻ നിമിഷയുടെ അമ്മയ്ക്കും സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോമിനും കോടതി അനുമതി നൽകിയത്. 2017 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്‌പദമായ സംഭവം. തലാൽ അബ്‌ദുല്‍ മഹ്ദിയെന്ന യമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നതാണ് കേസ്.
Also Read : 'ഡല്‍ഹി ഹൈക്കോടതിക്കും അഭിഭാഷകര്‍ക്കും നന്ദി'; യമനില്‍ പോകാന്‍ അനുമതി നല്‍കിയതില്‍ നന്ദി അറിയിച്ച് നിമിഷ പ്രിയയുടെ അമ്മ