തിരുവനന്തപുരം: അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുഴുവൻ പേരുടെയും ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്. നിലവില്‍ 154 ഓളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 4 പേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റവരിൽ ഭൂരിഭാഗം സ്‌ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റ 97 പേരെ കാസർകോട്ടെയും കണ്ണൂരിലെയും മംഗലാപുരത്തെയും കോഴിക്കോടേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെയെല്ലാം ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ച് കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. അപകടത്തിന് ആഘാതം കൂട്ടിയത് പടക്കപുരയും തെയ്യം കാണാൻ എത്തിയവരും തമ്മിൽ അകലം ഇല്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പടക്കപുരയ്ക്ക് തൊട്ടടുത്ത് നിന്നാണ് സ്ത്രീകളും കുട്ടികളുമടക്കം തെയ്യം കണ്ടിരുന്നത്. ഇതിനിടയിൽ പുറകിൽ മാലപ്പടക്കത്തിനു തീ കൊളുത്തി. മാലപ്പടക്കം പൊട്ടുന്നതിനിടയിൽ തീപ്പൊരി പടക്കപുരയിൽ വീണെന്നും, തുടര്‍ന്ന് സ്ഫോടനം ഉണ്ടായെന്നും ദൃസാക്ഷികൾ പറഞ്ഞിരുന്നു. അതേസമയം സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ എട്ടു പേർക്കെതിരെ നീലേശ്വരം പൊലീസ് കേസ് എടുക്കുകയും കസ്‌റ്റഡിയില്‍ എടുക്കുകയും ചെയ്‌തിരുന്നു.