തിരുവനന്തപുരം : രണ്ടാം വര്‍ഷ ബി വി എസ് സി വിദ്യാർഥിയായ സിദ്ധാര്‍ഥിന്‍റെ മരണത്തെ തുടര്‍ന്ന് നിരവധി ചർച്ചകളിൽ ഇടം നേടിയ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വൈസ് ചാന്‍സലർ ചുമതല മറ്റൊരാള്‍ക്ക് നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. തൃശൂര്‍ മണ്ണുത്തി വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്‌മെന്‍റ് വിഭാഗം പ്രൊഫസര്‍ ഡോ.കെഎസ് അനിലിനാണ് വൈസ് ചാന്‍സലറുടെ ചുമതല നല്‍കിക്കൊണ്ട് രാജ്ഭവന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമനത്തിന് അടിയന്തര പ്രാധാന്യം നല്‍കിയ ഗവര്‍ണര്‍, ഇനിയൊരുത്തരവുണ്ടാകും വരെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ചുമതല വഹിക്കാന്‍ ഡോ അനിലിനോട് ആവശ്യപ്പെട്ടു.
സിദ്ധാര്‍ഥിന്‍റെ മരണത്തിനുപിന്നാലെ വെറ്ററിനറി സര്‍വകലാശാലയിലെ വിസിയെ മാറ്റി ഡോ പിസി ശശീന്ദ്രനെ വൈസ് ചാന്‍സലറുടെ ചുമതല നല്‍കി ഗവര്‍ണര്‍ നിയമിച്ചിരുന്നു. എന്നാല്‍ സിദ്ധാര്‍ഥിനെതിരായ ആള്‍ക്കൂട്ട വിചാരണയില്‍ നേരിട്ട് പങ്കാളികളാവുകയോ കുറ്റകൃത്യം മറച്ചുവയ്ക്കുകയോ അതിന്‍റെ പേരില്‍ ആന്‍റി റാഗിംഗ് സമിതി കുറ്റക്കാരെന്ന് കണ്ടെത്തി കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്‌ത 31 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ നടപടി വിസിയായ ഡോ പിസി ശശീന്ദ്രന്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ റദ്ദാക്കി. ഇത് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ സഹായിക്കാനാണെന്ന നിയമോപദേശം ഗവര്‍ണര്‍ക്ക് ലഭിക്കുകയും സിദ്ധാര്‍ഥിന്‍റെ മാതാപിതാക്കള്‍ ഈ നടപടിക്കെതിരെ രംഗത്തുവരികയും ചെയ്‌തു.
സംഭവത്തില്‍ അടിയന്തരമായി വിശദീകരണം തേടിയ ഗവര്‍ണര്‍ ശശീന്ദ്രനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടനടി ശശീന്ദ്രന്‍ ഗവര്‍ണര്‍ക്ക് രാജിയും സമര്‍പ്പിച്ചു. വിസി രാജിവച്ചതിന് പിന്നാലെ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടി സര്‍വകലാശാല റദ്ദാക്കി. 48 മണിക്കൂറിനുള്ളില്‍ പുതിയ വിസിക്ക് ചുമതല നല്‍കി ഗവര്‍ണര്‍ ഉത്തരവുമിറക്കി.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലും പുതിയ വിസിക്ക് ചുമതല നല്‍കി ഗവര്‍ണര്‍ ഉത്തരവിറക്കി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസിലെ ഡയറക്ടറും സീനിയര്‍ പ്രൊഫസറുമായ ഡോ.വിപി ജഗതിരാജ് ആണ് പുതിയ വിസി. രണ്ടുത്തരവുകളും രാജ്ഭവന്‍ ഇന്നാണ് പുറപ്പെടുവിച്ചത്.