തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആറ് പുതിയ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കൂടി വരുന്നു. ജലവൈദ്യുത പദ്ധതികളുടെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ എന്തൊക്കെയെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി രേഖാമൂലം നല്‍കിയ മറുപടിയിലാണ് പുതുതായി ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന ആറ് ചെറുകിട ജലവൈദ്യുത പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നത്.
ഇടുക്കി ജില്ലയിലെ മാങ്കൂളം, ആനക്കയം, ലാട്രം, കോട്ടയം ജില്ലയിലെ അപ്പര്‍ ചെങ്കളം, മാര്‍മല, കോഴിക്കോട് ജില്ലയിലെ വാലന്‍തോട്, എന്നിവിടങ്ങളിലാണ് പുതിയ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ വരുന്നത്. ഇതില്‍ ഇടുക്കി ലാട്രം മേഖലയില്‍ വരുന്ന ജലവൈദ്യുത പദ്ധതിക്ക് ഇനിയും വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന്‍റെ അനുമതി ലഭിക്കാനുണ്ട്. മാങ്കുളത്ത് ദിവസേന 40 മെഗാ വാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിടുന്ന ജലവൈദ്യുത പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. ആനക്കയത്ത് 7.5 മെഗാ വാട്ട്, ആപ്പര്‍ ചെങ്കുളത്ത് 24 മെഗാ വാട്ട്, ലാട്രം 3.5 മെഗാ വാട്ട്, മാര്‍മലയില്‍ 7 മെഗാ വാട്ട്, വാലന്‍തോട് 7.5 മെഗാ വാട്ട് എന്നിങ്ങനെ ശേഷിയുള്ള ജലവൈദ്യുത പദ്ധതികളാകും പുതുതായി ആരംഭിക്കുക.
നിലവില്‍ സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനമാണ് സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കുന്നത്. പീക്ക് ടൈമില്‍ വൈദ്യുതി ഉത്‌പാദനത്തിന്‍റെ തോത് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇടുക്കി, ശബരിഗിരി, ഇടമലയാര്‍ എക്‌സ്‌റ്റന്‍ഷന്‍ പദ്ധതികള്‍ക്കും രൂപം നല്‍കും. ഇതിന്‍റെ പ്രാരംഭ പഠനങ്ങള്‍ ആരംഭിച്ചതായും മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.
റിസര്‍വോയറില്‍ വെള്ളമെത്തിക്കും ശേഷം വെള്ളത്തില്‍ നിന്ന് വൈദ്യുതി
വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പബ്‌സ്സ്‌റ്റോറേജ് ജലവൈദ്യുത പദ്ധതികള്‍ (പി.എസ്.പി) നടപ്പാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി. സ്വകാര്യ, സഹകരണ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അധികമായി വൈദ്യുതി ലഭിക്കുന്ന സമയത്ത് ഈ ഊര്‍ജമുപയോഗിച്ച് റിസര്‍വോയറുകളിലേക്ക് വെള്ളം പമ്പ് ചെയ്‌ത് സൂക്ഷിച്ച ശേഷം പീക്ക് സമയത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണിത്. ഇതിനായുള്ള നയരുപീകരണം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.
Also Read: ട്രോളിങ് നിരോധന കാലയളവില്‍ വായ്‌പ തിരിച്ചടവുകള്‍ക്ക് ഇളവില്ലെന്ന് സര്‍ക്കാര്‍