കണ്ണൂര്‍: കല്യാണങ്ങൾ ആര്‍ഭാടത്തിന്‍റേയും ധൂര്‍ത്തിന്‍റേയും വേദിയാകുന്ന കാലത്താണ് ഒരു കല്യാണം പാട്ടിന്‍റേയും സൗഹൃദത്തിന്‍റേയും സംഗമമായി മാറുന്നത്. കല്യാണ തലേന്നുള്ള പാട്ടും ആഹ്‌ളാദവുമൊക്കെ പോയിമറഞ്ഞെന്ന് കരുതിയപ്പോഴാണ് കണ്ണൂര്‍ മോലോത്തു നിന്നും പുതിയ അനുഭവം. കല്യാണത്തിനും തലേദിവസവും ഒരു കാലത്ത് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമൊക്കെ തങ്ങളുടെ സംഗീത താത്പര്യം പങ്കുവെക്കാറുണ്ടായിരുന്നു.
പാടിയും നൃത്തച്ചുവടുകള്‍ വെച്ചും ക്ഷണിക്കപ്പെട്ടവരെ സ്വീകരിച്ചും സന്തോഷം പങ്കുവെക്കുന്ന പതിവുമുണ്ടായിരുന്നു. എന്നാല്‍ പഴയ കല്യാണത്തിന്‍റെ പുനര്‍ജ്ജന്മം പോലെയാണ് ഇവിടെ അരങ്ങേറിയത്. തലേദിവസം ചടങ്ങിനെത്തി സല്‍ക്കാരത്തില്‍ പങ്കെടുത്ത് തിരിച്ച് പോകുമ്പോള്‍ പലരുടെയും മനസ്സില്‍ പഴംപാട്ടിന്‍റെ അനുഭൂതി കൂടി മനസില്‍ നിറഞ്ഞു നിന്നിരുന്നു. കല്യാണം ആസ്വാദകരമാക്കാന്‍ ഇത്തരം പരിപാടികള്‍ ഉണ്ടാകുന്നത് നല്ലതാണെന്ന് പരസ്‌പരം പറഞ്ഞാണ് ആളുകള്‍ പിരിയുന്നത്.
ഒരു കാലത്ത് തെങ്ങിന്‍ മുകളില്‍ ലൗഡ്‌സ്‌പീക്കര്‍ വെച്ച് ഗ്രാമഫോണ്‍ റെക്കാര്‍ഡുകളിലൂടെ പാടി പതിഞ്ഞ പാട്ടുകള്‍ കണ്ണൂരിലെ നഗര-ഗ്രാമ ഭേദമെന്യേ കല്യാണത്തിന് പതിവായിരുന്നു. നാട്ടിലെ സംഗീതാഭിരുചിയുളളവര്‍ ഷുവര്‍ മൈക്ക് ഉപയോഗിച്ച് ഇടവേളകളില്‍ പാടുകയും പതിവായിരുന്നു. കളിയും തമാശയും സൗഹൃദവും നിറഞ്ഞു നിന്ന പഴയ കല്യാണ ആഘോഷങ്ങള്‍ തിരിച്ച് വരണമെന്ന് പഴമക്കാര്‍ പറയാറുമുണ്ട്.
കല്യാണത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്നെത്തിയവരാണ് നാട്ടുകാരെ സാക്ഷിയാക്കി വീട്ടു വരാന്തയിലിരുന്ന് പാട്ടുപാടിയത്. ക്ഷണിതാവായെത്തിയ പാലക്കാട്ടുകാരി ശില്‍പയും ഗാര്‍ഗിയും പാട്ടു തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ആഹ്‌ളാദ ചിത്തരായി. പുതിയ തലമുറക്ക് ഇതൊരു പുത്തന്‍ അനുഭവവും പഴമക്കാര്‍ക്ക് സുഖകരമായ ഓര്‍മ്മയുമായി. ആസ്വദിക്കാന്‍ ആളുകള്‍ കൂടിയതോടെ പാട്ടുകാര്‍ക്കും ആവേശമായി. പഴയ കല്യാണങ്ങളുടെ പുനരാവര്‍ത്തനമാണെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തിയാണ് പിരിഞ്ഞു പോയത്.
ALSO READ: വ്യത്യസ്‌തമായൊരു കല്യാണക്കഥ: പരമ്പരാഗത ചടങ്ങുകളോടെ വിവാഹിതരായത് അരയാലും പേരാലും