തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് പുതുതായി എത്ര ബാറുകള്‍ തുടങ്ങി? പലരും ഉത്തരമറിയാന്‍ ആഗ്രഹിച്ച ചോദ്യമാണിത്. ഒന്നാം പിണറായി സര്‍ക്കാര്‍ 2021ല്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്താകെ ഉണ്ടായിരുന്നത് 705 ബാറുകള്‍. രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നര വര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 836 ആയി ഉയര്‍ന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 131 പുതിയ ബാറുകള്‍ കൂടി തുടങ്ങിയെന്ന് ഔദ്യോഗികമായി സമ്മതിക്കുന്നത് എക്‌സൈസ് മന്ത്രി എംബി രാജേഷ് തന്നെയാണ്. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് എക്‌സൈസ് മന്ത്രി എംബി രാജേഷ് രേഖാമൂലം നല്‍കിയ മറുപടിയിലാണ് പുതുതായി ആരംഭിച്ച ബാറുകളുടെ എണ്ണം വിശദീകരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബാറുകളുടെ എണ്ണത്തില്‍ എറണാകുളമാണ് മുന്നില്‍. ജില്ലയിലാകെ 195 ബാറുകളാണുള്ളത്. രണ്ടാം പിണറായി സര്‍ക്കാര്‍ ജില്ലയ്ക്ക് നല്‍കിയത് 25 പുതിയ ബാറുകള്‍. ഈ സര്‍ക്കാര്‍ കാസര്‍കോട് ജില്ലയ്ക്ക് ഒരു പുതിയ ബാറുപോലും നല്‍കിയില്ല. ആകെ 10 ബാറുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. എറണാകുളം കഴിഞ്ഞാല്‍ 17 ബാറുകള്‍ പുതുതായി ആരംഭിച്ച തൃശൂരാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാറുകളുള്ള രണ്ടാമത്തെ ജില്ല. തൃശൂരില്‍ 112 ബാറുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
ഒറ്റ ബാര്‍ മാത്രമാണ് കഴിഞ്ഞ 3 വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ പുതുതായി ആരംഭിച്ചത്. ഇടുക്കിയിലും മലപ്പുറത്തും 3 വീതം പുതിയ ബാറുകള്‍ ആരംഭിച്ചു. പുതുതായി ആരംഭിച്ച ബാറുകളുടെയും നിലവിലുള്ള ബാറുകളുടെയും ജില്ല തിരിച്ചുള്ള കണക്കുകള്‍.
ജില്ല | പുതുതായി ആരംഭിച്ച ബാറുകള്‍ | ആകെ ബാറുകള്‍ |
തിരുവനന്തപുരം | 22 | 94 |
കൊല്ലം | 12 | 70 |
ആലപ്പുഴ | 1 | 27 |
പത്തനംതിട്ട | 08 | 50 |
കോട്ടയം | 13 | 75 |
ഇടുക്കി | 3 | 28 |
എറണാകുളം | 25 | 195 |
തൃശൂർ | 17 | 112 |
പാലക്കാട് | 8 | 50 |
മലപ്പുറം | 3 | 30 |
കോഴിക്കോട് | 5 | 40 |
വയനാട് | 7 | 18 |
കണ്ണൂർ | 7 | 37 |
കാസർകോട് | 00 | 10 |
Also Read : മദ്യപിക്കുന്ന പ്രമേഹ രോഗിയാണോ നിങ്ങള്‍? കാത്തിരിക്കുന്നത് വന്‍ അപകടം, അറിയേണ്ടതെല്ലാം