കോഴിക്കോട്: നീറ്റ് പരീക്ഷ എഴുതുന്നവർക്ക് അൽപ്പം കടുപ്പമാണ്. എന്നാൽ അതിനേക്കാൾ കഠിനമാണ് കുട്ടികൾക്കൊപ്പം കൂട്ടുപോകുന്ന രക്ഷിതാക്കൾക്ക്. കുട്ടികളെ പരീക്ഷ സെന്‍റർലേക്ക് കടത്തിവിട്ടാൽ രാവിലെ മുതൽ വൈകിട്ട് വരെ രക്ഷിതാക്കൾ ഏതെങ്കിലും തണൽ മരത്തിന് ചുവട്ടിലോ റോഡരികിലോ നിന്നും ഇരുന്നും വേണം സമയം ചിലവഴിക്കാൻ.
ഈ കഠിനമായ ചൂടിൽ അത് പ്രതീക്ഷിച്ച് തന്നെയാണ് മിക്ക രക്ഷിതാക്കളും കുട്ടികൾക്കൊപ്പം മാവൂരിലെത്തിയത്. എന്നാൽ ഇത്തവണ മാവൂർ മഹ്ളറ പബ്ലിക് സ്‌കൂളിൽ പരീക്ഷ എഴുതാൻ എത്തിയ കുട്ടികൾക്കൊപ്പം കൂട്ടു വന്നവർക്ക് ഒരിക്കലും മറക്കാത്ത അനുഭവമാണ് മാവൂരിൽ നിന്നും ലഭിച്ചത്. കുട്ടികൾ പരീക്ഷ സെന്‍ററിലേക്ക് കടന്നശേഷം തണൽ തേടി നടക്കുന്നതിനിടയിലാണ് പാറമ്മലിലെ മഹ്ളറ ബദരിയ ഇസ്‌ലാമിക് കോംപ്ലക്‌സിന്‍റെ വാഹനം രക്ഷിതാക്കൾക്ക് വേണ്ടി എത്തിയത്.
രക്ഷിതാക്കളെ വാഹനത്തിൽ കയറ്റി പാറമ്മലിലെ സ്ഥാപനത്തിലെത്തിച്ചു. അവിടുത്തെ പ്രാർഥന മുറി രക്ഷിതാക്കൾക്ക് വിശ്രമിക്കാൻ തുറന്നു കൊടുത്തു. എല്ലാ രക്ഷിതാക്കൾക്കും ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളുമെല്ലാം ഇസ്‌ലാമിക് കോംപ്ലക്‌സിന്‍റെ ഭാരവാഹികൾ ഏർപ്പെടുത്തിയിരുന്നു.
ദൂരെ ദിക്കുകളിൽ നിന്നും എത്തിയ രക്ഷിതാക്കൾക്ക് വലിയ അനുഗ്രഹമാണ് മാവൂരിലെ നീറ്റ് പരീക്ഷ ദിവസം ലഭിച്ചത്. ഈ കൊടും ചൂടുകാലത്ത് പ്രതീക്ഷിക്കാതെ കിട്ടിയ സഹായം ജീവിതകാലം മുഴുവൻ ഓർത്തു വയ്‌ക്കും എന്നാണ് രക്ഷിതാക്കൾ പറയുന്നത്.
Also Read: വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ ആധുനിക സൗകര്യങ്ങളും പ്രത്യേക മെനുവുമൊരുക്കി തിരുവനന്തപുരം മൃഗശാല