ഇടുക്കി: പീരുമേട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലും നീലവസന്തം തീർത്ത് കുറിഞ്ഞി പൂത്തു. പുൽമേടുകളിൽ കുറിഞ്ഞികൾ പൂത്തത് സഞ്ചാരികൾക്ക് മനോഹര കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഈ പ്രദേശത്ത് കുറിഞ്ഞി പൂവിട്ടിരുന്നു.
നിരനിരയായി പുൽമേട്ടിൽ പൂത്തുനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും നിരവധിയാളുകള്‍ എത്തുന്നു. പീരുമേട് കല്ലാർ കവലയിൽ നിന്നും പരുന്തുംപാറയിലേക്ക് എത്തിച്ചേരുന്ന പാതയോരത്തിന് മുകൾ വശത്തായാണ് പുൽമേട്ടിൽ കുറിഞ്ഞി പൂവിട്ടിരിക്കുന്നത്.
മൂന്നാർ, നീലഗിരി, എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞികള്‍ കൂടുതലായി കാണുക. പശ്ചിമഘട്ട മലനിരകളുടെ സ്വന്തമായ നീലകുറിഞ്ഞി പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൂക്കുന്നത്. എന്നാൽ പരുന്തുംപാറയിൽ നീലക്കുറിഞ്ഞിയുടെ മറ്റൊരു ഇനമാണ് പൂവിട്ടത്.
ഒരു വർഷം കൂടുമ്പോൾ പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ പൂക്കുന്ന കുറിഞ്ഞിച്ചെടികൾ വരെ ഉണ്ട്. വശ്യതയാർന്ന നീലനിറമുള്ളതിനാൽ നീലക്കുറിഞ്ഞിയെന്നും മേടുകളിൽ കാണപ്പെടുന്നതിനാൽ മേട്ടുക്കുറിഞ്ഞിയെന്നും ഇവ അറിയപ്പെടുന്നു. മഴയില്ലാത്ത കാലാവസ്ഥയില്‍ മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കൾ നിലനിൽക്കും. പരുന്തുംപാറയിൽ എത്തുന്ന നിരവധി പേരാണ് ഈ കുറിഞ്ഞി വസന്തം ആസ്വദിക്കുന്നത്.