ഇടുക്കി: തെരുവുനായയ്‌ക്ക് ആശ്വാസമായി അനിമൽ റെസ്ക്യൂ ടീം. കാലിന്‍റെ തൊലിമുഴുവനായി നഷ്‌ടപ്പെട്ട് അസ്ഥി വെളിയിൽ വന്ന നിലയിൽ നൊമ്പരക്കാഴ്‌ചയായി നടന്നിരുന്ന തെരുവുനായയെ ശസ്ത്രക്രിയയ്ക്ക് ശേഷം ടൗണിൽ തിരിച്ചെത്തിച്ചു. തൊടുപുഴയിലെ ജില്ലാ അനിമൽ റെസ്ക്യൂ ടീം അംഗങ്ങളാണ് ഒരുമാസത്തെ പരിചരണത്തിന് ശേഷം നായയെ നെടുങ്കണ്ടത്ത് തിരികെ കൊണ്ടുവന്ന് തുറന്നുവിട്ടത്.
ബസ് സ്‌റ്റാന്‍റ് പരിസരത്ത് നിന്ന് പിടിച്ച് കൊണ്ടുപോയ നായയെ അവിടെ തന്നെ തിരികെ വിടുകയായിരുന്നു. തൊടുപുഴ മണക്കാടുള്ള വെറ്ററിനറി ആശുപത്രിയിൽ വെച്ചായിരുന്നു നായയുടെ ശസ്ത്രക്രിയ. രണ്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിൽ നായയുടെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റി. തുടർന്ന് റെസ്ക്യൂടീമിൻ്റെ വാടകവീട്ടിൽ കൊണ്ടുവന്ന് പരിചരിച്ചു.
നായ പൂർണമായി സുഖം പ്രാപിച്ച ശേഷം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡൻ്റ് ലേഖ ത്യാഗരാജൻ, സെക്രട്ടറി സുനിൽ സെബാസ്‌റ്റ്യൻ, വൈസ് പ്രസിഡന്‍റ് ഡി ജയകുമാർ എന്നിവരുടെ സാനിധ്യത്തിൽ അതിനെ തുറന്നുവിട്ടു. റെസ്ക്യൂ ടീം അംഗങ്ങളായ എം എ കീർത്തിദാസ്, മഞ്ജു എന്നിവരാണ് നായയെ എത്തിച്ചത്. ശസ്ത്രക്രിയയ്ക്കും തുടർപരിചരണത്തിനുമായി പതിനാറായിരത്തോളം രൂപ ചെലവായിരുന്നു. ഈ പണം നെടുങ്കണ്ടം പഞ്ചായത്ത് നൽകുമെന്ന് അധികൃതർ അറിയിച്ചു.