കോഴിക്കോട്: ആളും കോളും സിന്ദാബാദും അടിയും ഇടിയും എല്ലാം കണ്ട നവകേരള ബസിന് നിലവിൽ കഷ്‌ടകാലമാണ്. മ്യൂസിയത്തിൽ വെച്ചാൽ ആളുകൾ വന്ന് തൊഴുതു പോകുമെന്ന് കരുതിയ ബസിനെ കാണുമ്പോൾ, യാത്രക്കാർ തൊഴുതാണ് മാറുന്നത്. കോഴിക്കോട് ബെംഗളൂരു റൂട്ടിലോടുന്ന 'നവകേരള' ബസിൽ യാത്രചെയ്യാൻ ആളില്ലാതെ വന്നതോടെ യാത്രകൾ മുടങ്ങുന്ന സാഹചര്യമാണ് നിലവില്‍.
രണ്ട് ദിവസമായി ഒരാൾ പോലും ടിക്കറ്റെടുക്കാത്തതിനാൽ ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും സർവീസ് നടത്താനായില്ല. ഒടുവിൽ ഇന്ന് എട്ടു പേരുമായി യാത്ര തിരിച്ചിട്ടുണ്ട്. ആദ്യ സർവീസിൽ ഹൗസ് ഫുള്ളായിരുന്ന ബസിൽ ഇപ്പോൾ വിരലിൽ എണ്ണാവുന്ന യാത്രക്കാർ മാത്രമാണ് കയറുന്നത്.
തിങ്കളാഴ്‌ച 55000 രൂപയും ചൊവ്വാഴ്‌ച 14000 രൂപയുമായിരുന്നു ബസിൻ്റെ വരുമാനം. മറ്റു ബസുകളിൽ നിരക്ക് 700 രൂപ ഉള്ളപ്പോൾ നവകേരള ബസിന് 1240 രൂപയാണ്. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതി കൂടി ആകുമ്പോൾ 1240 രൂപ.
ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവില്‍ എത്തും. ഉച്ചയ്‌ക്ക് 2.30ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05 ന് കോഴിക്കോട് എത്തിച്ചേരും.മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നവകേരള സദസിനായി ഉപയോഗിച്ചിരുന്ന ബസ് കഴിഞ്ഞ മെയ് അഞ്ച് മുതലാണ് കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചത്.
26 പുഷ്ബാക്ക് സീറ്റുകളോടെ അത്യാധുനികമായി സജീകരിച്ച ബസിന് തുടക്കത്തിൽ വലിയ പ്രചാരം ആയിരുന്നെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്ക് തിരിച്ചടിയായി. ബെംഗളൂരുവിലേക്കുള്ള സ്ഥിരം യാത്രക്കാർ മറ്റു സംവിധാനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് ആളില്ലാത്ത അവസ്ഥയിലെത്തിയത്.
ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ബെംഗളൂരുവിലെ എസ്എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് ബസിൻ്റെ ബോഡി നിർമ്മിച്ചത്. 'നവകേരള' യാത്രക്കായി സജ്ജീകരിച്ച ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്‌ജ് എന്നിവ എടുത്തു മാറ്റി, ചില അറ്റകുറ്റ പണികൾ നടത്തിയാണ് ബസ് റൂട്ടിലിറക്കിയത്. വരുമാനം കട്ടപ്പൊകയായതോടെ വൈകാതെ തന്നെ ബസ് 'കട്ട'പ്പുറത്താകുമോ എന്ന ആശങ്കയാണ് ചില ജീവനക്കാർ പങ്കുവെക്കുന്നത്.
Also Read: നവകേരള ബസ് ഇനി ഗരുഡ പ്രീമിയം, സര്‍വീസ് കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ ; സമയക്രമം ഇങ്ങനെ