ഇടുക്കി : ഹൈദരാബാദിൽ നിന്നും വരുന്നതിനിടെ ബസിൽ വച്ച് ഗൃഹനാഥനെ ക്രൂരമായി മർദിച്ച് ബസ് ജീവനക്കാർ. ഇടുക്കി കരിമണ്ണൂർ സ്വദേശി ആന്‍റണിക്കാണ് (42) മർദനമേറ്റത്. ഡെങ്കിപ്പനി ബാധിച്ച മകളെ കാണാൻ വരവെയാണ് സേലത്ത് വച്ച് ആന്‍റണിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ബസിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് അദ്ദേഹത്തിന് ക്രൂരമായ മർദനമേറ്റെന്നാണ് പരാതി.
ആന്‍റണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ ഇടതുകാൽ മുറിച്ച് മാറ്റിയിരുന്നു. അണുബാധ കൂടിയാൽ വലത്തേക്കാലും മുറിച്ച് മാറ്റണമെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതി അധികൃതർ പറഞ്ഞു. അദ്ദേഹത്തിന്‍റെ വാരിയെല്ലുകൾക്കും പരിക്കേറ്റിട്ടുണ്ട്.
ആന്‍റണി ഇപ്പോഴും അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം, ആന്‍റണിയുടെ മൊഴി രേഖപ്പെടുത്തിയാലേ സംഭവം വ്യക്തമാകുവെന്ന് കരിമണ്ണൂർ പൊലീസ് വ്യക്തമാക്കി. ആന്‍റണിയുടെ മൊബൈൽ ഫോൺ തമിഴ്‌നാട് സ്വദേശിയുടെ കൈയിലായിരുന്നുവെന്നും ഇയാൾ ആന്‍റണിക്കൊപ്പം ബസിലുണ്ടായിരുന്നുവെന്നും ഭാര്യ ജോൺസി പറഞ്ഞു.
ബസിനുള്ളിലുണ്ടായ തർക്കത്തെത്തുടർന്ന് ജീവനക്കാർ ആന്‍റണിയെ ക്രൂരമായി മർദിച്ചെന്ന് തമിഴ്‌നാട് സ്വദേശി ഫോണിലൂടെ വെളിപ്പെടുത്തിയെന്നും അവർ സൂചിപ്പിച്ചു. വെൽഡിങ് ജോലിക്കാരനായ ആന്‍റണി ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്.