കോഴിക്കോട്: വായനയാണ് മനസ് നിറയെ. വായനയുണ്ടെങ്കിൽ ലോകം മുഴുവൻ മുന്നിലെത്തും. അങ്ങനെ ലോകത്തെ കാണുകയും അറിയുകയും ചെയ്യുന്ന ഒരാളുണ്ട് മാവൂരിൽ. ആയംകുളം വലിയ തൊടിയിൽ ഇ ബാലകൃഷ്‌ണൻ. കഴിഞ്ഞ 62 വർഷമായി വായന മാത്രം ജീവിത വ്രതമാക്കിയ ബാലകൃഷ്‌ണൻ വായന ലോകത്ത് വ്യത്യസ്‌തനാണ്.
രണ്ടാം ക്ലാസ് പോലും പൂർത്തിയാക്കാത്ത വിദ്യാഭ്യാസ യോഗ്യത മാത്രമാണ് 77 കാരനായ ഈ വായനക്കാരൻ്റെ ആകെയുള്ള യോഗ്യത. നന്നേ ചെറുപ്പത്തിലെ ജീവിത പ്രാരാബ്‌ദം കാരണം സ്‌കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു. പിന്നെ തന്‍റെ പ്രായത്തിലുള്ളവർ സ്‌കൂളിൻ്റെ പടി കടന്നു പോകുമ്പോൾ പലപ്പോഴും പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും ബാലകൃഷ്‌ണന്‍റെ ജീവിത സാഹചര്യം അതിന് വിലങ്ങ് തടിയായി.
എന്നാൽ സ്വന്തം ഇച്‌ഛാശക്തി കൊണ്ട് അക്ഷരങ്ങൾ മെല്ലെ പഠിച്ചെടുത്തു. പതിനഞ്ചാം വയസ് മുതൽ കിട്ടുന്നതെന്തും വായിക്കുക എന്നതായിരുന്നു ലക്ഷ്യം. കോഴിക്കോട് ഗോവിന്ദപുരത്തെ വായനശാലയും ദേശപോഷിണി വായനശാലയും സെൻട്രൽ ലൈബ്രറിയും ആയിരുന്നു ആദ്യത്തെ തട്ടകം. മാവൂരിൽ നിന്നും വിവാഹം കഴിച്ചതോടെ മെല്ലെ മാവൂർ ലൈബ്രറിയിലേക്ക് ചേക്കേറി.
എല്ലാവർക്കും ഒരു ദിവസം രണ്ട് പുസ്‌തകമാണ് ലഭിക്കുന്നതെങ്കിൽ ബാലകൃഷ്‌ണന് അത് അഞ്ചും ആറും പുസ്‌തകം വരെയാകും. ബാലകൃഷ്‌ണന്‍റെ വായനയോടുള്ള താല്‌പര്യം മനസിലാക്കി പ്രദേശത്തെ സുമനസുകളും പുസ്‌തകം എത്തിച്ചു നൽകുന്നുണ്ട്. നോവലും ശാസ്‌ത്രവും ജീവിതാനുഭവങ്ങളും തുടങ്ങി ഹൊറർ കഥകൾ വരെ വായിക്കാൻ ഇഷ്‌ടമാണ് ഈ വായനാ പ്രേമിക്ക്.
51 വർഷത്തോളം കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിച്ച് നടന്ന ബാലകൃഷ്‌ണന് വായനയിൽ നിന്നും അകന്നു നിൽക്കുന്ന പുതു തലമുറയോടും ചിലത് പറയാനുണ്ട്. ജീവിച്ചിരിക്കുന്നതും മൺമറഞ്ഞു പോയതുമായ എല്ലാ മഹാന്മാരും വായനയിലൂടെയാണ് ലോകത്തെ മുന്നോട്ടു നയിച്ചത്.
അതുകൊണ്ട് അറിവും തിരിച്ചറിവും ഉണ്ടാകാൻ എല്ലാവരും വായിക്കണം. പ്രായാധിക്യത്താൽ കണ്ണിനുള്ള കാഴ്‌ച പരിമിതിയാണ് ബാലകൃഷ്‌ണനെ ആകെ വലക്കുന്നത്. എന്നാലും കഴിയുന്ന കാലത്തോളം പറ്റുന്ന അത്രയും പുസ്‌തകങ്ങൾ വായിച്ചു തീർക്കണം എന്നുതന്നെയാണ് ഈ വായനാ ദിനത്തിലും ബാലകൃഷ്‌ണൻ്റെ ആഗ്രഹം.