കോഴിക്കോട്: വിഷു ആഘോഷത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കളുടെ വൻനിര തന്നെ കേരളത്തിലേക്ക് എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും 15ന് രംഗത്തിനിറങ്ങും. ആറ്റിങ്ങൽ, ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിലാണ് മോദിയുടെ പ്രചാരണം.
15ന് വൈകിട്ട് കോഴിക്കോട്ട് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലിയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി പ്രചാരണത്തിന് തുടക്കം കുറിക്കും. യുഡിഎഫിനായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ 16-ന് തിരുവനന്തപുരത്തെത്തും. തുടർന്ന് ഉച്ചയ്ക്ക് ശേഷം കണ്ണൂരിൽ റോഡ് ഷോയും നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിൻ പൈലറ്റ് എന്നിവരും പിന്നാലെ എത്തും.
എൻഡിഎയ്ക്ക് വേണ്ടി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പ്രമോദ് സാവന്ത്, അനുരാഗ് സിങ് ഠാക്കൂർ എന്നിവർ കോഴിക്കോട്ടാണ് ഇറങ്ങുന്നത്. പുരുഷോത്തം രൂപാല, ശിവരാജ് സിങ് ചൗഹാൻ എന്നിവർ ആലപ്പുഴയിലും, മീനാക്ഷി ലേഖി വയനാട്, ഇടുക്കി, എറണാകുളം മണ്ഡലങ്ങളിലും പ്രചാരണം നടത്തും. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ തിരുവനന്തപുരത്തും, കൊല്ലത്തും, പത്തനംതിട്ടയിലും സംസാരിക്കും. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവരും പിന്നാലെ എത്തുന്നുണ്ട്.
16 മുതൽ 21 വരെ എൽഡിഎഫിന് വേണ്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രചാരണം നടത്തും. കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, ചാലക്കുടി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് അദ്ദേഹം പ്രസംഗിക്കുക.
15 മുതൽ 22 വരെ നടക്കുന്ന പരിപാടികളിൽ പിബി അംഗം പ്രകാശ് കാരാട്ട്, സുഭാഷിണി അലി എന്നിവർ പങ്കെടുക്കും. ബൃന്ദ കാരാട്ടിൻ്റെ പ്രചാരണജാഥ 15ന് കണ്ണൂരിൽ തുടങ്ങി 22ന് പത്തനംതിട്ടയിൽ സമാപിക്കും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം തപൻ സെൻ, വിജു കൃഷ്‌ണൻ എന്നിവരും 16, 17, 18 തീയതികളിൽ എത്തിച്ചേരും. കനയ്യ കുമാർ ഏപ്രിൽ 18നാണ് സംസ്ഥാനത്തെത്തുക.