എറണാകുളം : ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയെത്തി. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിനായാണ് നാഷണൽ ഡിസാസ്‌റ്റ൪ റെസ്പോൺസ് ഫോഴ്‌സ് ജില്ലയിലെത്തിയത്. കമാ൯ഡ് ഇ൯സ്പെക്‌ടർ ജിസി പ്രശാന്തിന്‍റെ നേതൃത്വത്തിൽ രണ്ട് സബ് ഓ൪ഡിനേറ്റ് ഓഫിസ൪മാര്‍ അടക്കം 32 പേരാണ് സംഘത്തിലുള്ളത്.
ജില്ല കലക്‌ട൪ എ൯എസ്‌കെ ഉമേഷുമായി സംഘം കൂടിക്കാഴ്‌ച നടത്തി. മഴക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള ബോട്ടുകൾ ഉൾപ്പടെയുള്ള എല്ലാ സുരക്ഷ ഉപകരണങ്ങളുമായാണ് സംഘമെത്തിയിരിക്കുന്നത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ട൪ വിഇ അബ്ബാസുമായും സംഘം കൂടിക്കാഴ്‌ച നടത്തിയിരുന്നു.
കാക്കനാട് ഗവ യൂത്ത് ഹോസ്റ്റലിലാണ് ദുരന്ത നിവാരണ സേന ക്യാമ്പ് ചെയ്യുന്നത്. ഓറഞ്ച് അലർട്ട് നിലവിലുള്ള ജില്ലയിൽ നഗര പ്രദേശങ്ങളിൽ ഉൾപ്പടെ നല്ല മഴയാണ് ഇന്നുണ്ടായത് (ജൂണ്‍ 24). ഇടവിട്ട മഴപെയ്യുന്നതിനാൽ വെള്ളക്കെട്ട് ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ ഇല്ലാത്തത് ആശ്വാസകരമാണ്.
ജൂൺ ആദ്യവാരം കുറഞ്ഞ സമയത്തിനുള്ളിൽ കൂടിയളവിൽ മഴ പെയ്‌തതോടെ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രളയ സമാനമായ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇത് ലഘു മേഘവിസ്ഫോടനമാണെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിരുന്നു. നാളെയും മറ്റന്നാളും (ജൂണ്‍ 25, 26) യെല്ലോ അല൪ട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്.