ന്യൂഡല്‍ഹി: മാധ്യപവര്‍ത്തകന്‍ മാത്യു സാമുവലിന് വീണ്ടും സിബിഐ നോട്ടീസ്. നാരദ സ്‌റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ടാണ് നടപടി. അടുത്തമാസം നാലിന് കൊല്‍ക്കത്തയിലെ ഓഫീസില്‍ ഹാജരാകാനാണ് സിബിഐ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
അതേസമയം ഇതുവരെയുള്ള അന്വേഷണത്തില്‍ താന്‍ നിരാശനാണെന്ന് മാത്യു സാമുവല്‍ പറഞ്ഞു. ആരോപണവിധേയരായ ആളുകള്‍ ഭരണകക്ഷിയിലും പ്രതിപക്ഷത്തുമായി സ്വതന്ത്രമായി രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തുകയാണ്. ഇത് തന്നെ പോലുള്ള വ്യക്തികള്‍ നടത്തിയ പരിശ്രമങ്ങളെ ചോദ്യം ചെയ്യലാണെന്നും മാത്യുസാമുവല്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കാലത്തുള്ള ഇത്തരം ഹാജരാകല്‍ നോട്ടീസുകള്‍ രാഷ്‌ട്രീയ നാടകമാണ്. ഒരു രാഷ്‌ട്രീയത്തിന്‍റെയും ഭാഗമാകാന്‍ തനിക്ക് താത്പര്യമില്ലെന്നും, അന്വേഷണ സംഘം കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശം തേടണമെന്നും മാത്യു സാമുവല്‍ പറഞ്ഞു.
ഇപ്പോള്‍ താന്‍ ബംഗളൂരുവില്‍ ആയതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൊല്‍ക്കത്തയില്‍ എത്താനാകില്ല. സിബിഐയ്ക്ക് തന്നെ കൊല്‍ക്കത്തയിലേക്ക് എത്തിക്കണമെങ്കില്‍ മുഴുവന്‍ ചെലവുകളും അവര്‍ തന്നെ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: നാരദ കേസില്‍ മമതയുടെ ഹർജി സുപ്രീം കോടതിയില്‍
2016 ലെ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു കൂട്ടം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അന്നു മുതല്‍ സംഭവം സിബിഐ അന്വേഷിക്കുകയാണ്. പലതവണ മാത്യു സാമുവലിനെ ചോദ്യം ചെയ്യുകയും മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ഹാര്‍ഡ്‌ഡിസ്‌ക് എന്നിവ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.