പത്തനംതിട്ട: നഗരത്തിൽ പാചക വാതക ഗോഡൗണിൽ പാർക്ക് ചെയ്‌തിരുന്ന ലോറിക്കും സമീപത്തെ സ്‌കൂൾ ബസിനും അടുത്തടുത്ത സമയങ്ങളില്‍ തീപിടിച്ചതില്‍ ദുരൂഹത. ഇന്നലെ രാത്രി (13-10-2024) 11.10 നും, ഇന്ന് പുലർച്ചെ 12.30 നുമാണ് പത്തനംതിട്ട അഗിനശമന സേനക്ക് രണ്ട് ഫോണ്‍ സന്ദേശമെത്തിയത്. പത്തനംതിട്ട നഗരത്തിൽ പ്രവർത്തിക്കുന്ന സരോജ് ഗ്യാസ് ഏജൻസിയുടെ ഗ്യാസ് സിലിണ്ടറുകൾ നിറച്ച ഡെലിവറി വാൻ, അടുത്തുള്ള പത്തനംതിട്ട മാക്കാം കുന്ന് എവർ ഷൈൻ സ്‌കൂളിന്‍റെ കോമ്പൗണ്ടിൽ കിടന്ന ബസ് എന്നിവയ്ക്കാണ് തീ പിടിച്ചത്.
ഗ്യാസ് ഗോഡൗണും സ്‌കൂളും തമ്മില്‍ 200 മീറ്റർ മാത്രമാണ് ദൂരമുണ്ടായിരുന്നത്. അഗ്നി രക്ഷ സേനയും ഗ്യാസ് ഗോഡൗണ്‍ ജീവനക്കാരും ഉടൻ തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. അതേസമയം സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ ബസിന് തീയിട്ട ശേഷം ഓടി പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സ്‌കൂളിന് സമീപം തന്നെയുള്ള സരോജ് ഗ്യാസ് ഏജൻസിയുടെ കോമ്പൗണ്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടർ വെച്ചിരുന്ന ഡെലിവറി ലോറിയുടെ ക്യാബിനാണ് ആദ്യം തീപിടിച്ചത്. വിവരമറിഞ്ഞ് അഗിനശമസന സേന സംഭവ സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ ഗ്യാസ് ഏജൻസിയിലെ ജീവനക്കാർ എക്സ്റ്റിംഗ്യൂഷറും വെള്ളവും ഉപയോഗിച്ച് തീ കെടുത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകട സമയം ലോറിയിൽ നിറയെ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. വാഹനം പാർക്ക് ചെയ്‌തിരുന്നതിന് പത്ത് മീറ്റർ അടുത്തായാണ് 500 ഓളം ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ സ്ഥിതി ചെയ്‌തിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.
ഇതിന് പിന്നാലെയാണ് എവർ ഷൈൻ സ്‌കൂളിന്‍റെ കോമ്പൗണ്ടിൽ കിടന്ന ബസ്സിന് തീപിടിച്ചതിന്. അഗ്നിരക്ഷ സേന സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും ബസിനുള്ളില്‍ മുഴുവനായി തീ പടർന്നിരുന്നു. ബസിന് തൊട്ടടുത്ത് മറ്റ് സ്‌കൂള്‍ വാഹനങ്ങളും ഉണ്ടായിരുന്നു. തീ അണച്ച ശേഷം സേന ബസിന്‍റെ ബാറ്ററി ബന്ധം വിച്ഛേദിച്ചു.
തൊട്ടടുത്ത സ്ഥലങ്ങളില്‍ ഒരു മണിക്കൂറിനുള്ളില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദുരൂഹത തോന്നിയതിനാല്‍ ജില്ല ഫയർ ഓഫിസറുടെ നിർദേശത്തെ തുടർന്ന് അന്വേഷണം നടത്തിയിരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാള്‍ ബസിന് തീയിടുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.