കാസർകോട് : ഓണം ആഘോഷിക്കുന്നവർ മലയാളികൾ മാത്രമല്ല. കേരളത്തിന്‍റെ മരുമക്കളായി എത്തിയ വിദേശ വനിതകളും ആഘോഷത്തിന്‍റെ തിരക്കിലാണ്. ഓണക്കാലം ആഘോഷമാക്കാൻ ഭർത്താവിന്‍റെ നാട്ടിലേക്ക് എത്തിയ മ്യാൻമർ സ്വദേശിനി എക്യുവും മക്കളായ നോബലും ദിയയും സെറ്റു സാരിയും പുത്തൻ വസ്ത്രങ്ങളും ധരിച്ച് പൂവ് പറിക്കാനും പൂവിടാനും മുന്നിലുണ്ട്.
അവർക്ക് ഇത് പുത്തൻ കാഴ്‌ചയാണ്. കാസർകോട് ബന്തടുക്ക സ്വദേശിയായ അനൂപിന്‍റെ ഭാര്യ എക്യുവും മക്കളായ നോബലും ദിയയും ആദ്യമായാണ് ഓണക്കാലത്ത് കേരളത്തില്‍ എത്തുന്നത്. നിറയെ പൂക്കൾ കാണുമ്പോൾ കുട്ടികളുടെ മുഖത്ത് കൗതുകവും സന്തോഷവും നിറയുന്നു.
പിന്നെ, ഇത് ഏതു പൂവാണ്? എന്തിനാണ് ഇത് നിലത്ത് ഇടുന്നത് തുടങ്ങിയ സംശയങ്ങളും. മുത്തച്ഛനും അമ്മൂമ്മയുമായി കൊച്ചു വർത്താനവും. ഓട്ടവും ചാട്ടവും പിന്നാലെ.
2018ൽ വിവാഹം കഴിഞ്ഞെങ്കിലും ആദ്യമായാണ് എക്യു ഓണക്കാലത്ത് കാസർകോട് എത്തുന്നത്. അതുകൊണ്ട് ഇത്തവണത്തെ ഓണം ഇവർക്കെല്ലാം ഇത്തിരി സ്പെഷ്യലാണ്. ബഹ്‌റൈനിൽ വച്ചാണ് ബന്തടുക്ക സ്വദേശി അനൂപും എക്യുവും പരിചയപ്പെടുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പരിചയം പതുക്കെ വിവാഹത്തിലെത്തി. ജോലിത്തിരക്ക് കാരണം അനൂപിന് ഇത്തവണ എത്താൻ കഴിഞ്ഞില്ലെങ്കിലും ഭാര്യയും മക്കളും നേരത്തെയെത്തി. ഇനി വരുന്ന ഓണക്കാലങ്ങളിലും കൊട്ടാരത്തിൽ വീട്ടിലെ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ എത്തുമെന്ന് എക്യു പറഞ്ഞു. അടുത്ത ദിവസം ഇവർ കേരളത്തിൽ നിന്നും മടങ്ങും.
Also Read: ഇത് വിന്‍റേജ് മാണിയാട്ട് വിസ്‌മയം; ക്ഷേത്രാങ്കണത്ത് കണ്‍കുളിര്‍മയായി ചെണ്ടുമല്ലി വസന്തം