തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകളിൽ വ്യാപക ക്രമക്കേടെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പ് 'ഓപ്പറേഷൻ സേഫ്ടി ടു സേവ് ലൈഫ്' എന്ന പേരിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ആംബുലൻസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്തിയത്(MVD Found Ambulance Irregularities In Kerala).
2024 ജനുവരി 10 മുതൽ 13 വരെ സംസ്ഥാനമൊട്ടാകെ നടത്തിയ പ്രത്യേക പരിശോധനയിൽ 369 ആംബുലൻസുകൾ നിയമലംഘനം നടത്തിയാണ് സർവീസ് നടത്തുന്നതെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച കണക്കുകൾ ഇ ടിവി ഭാരതിന് ലഭിച്ചു. 369 നിയമ ലംഘനങ്ങളിൽ നിന്നായി 2,56,000 ത്തോളം രൂപയുടെ ചെലാനാണ് ജനറേറ്റ് ചെയ്‌തത്.
ഇതിൽ 20,000 രൂപയോളം പിഴത്തുകയായി മോട്ടോർ വാഹന വകുപ്പിന് ലഭിച്ചു. അഞ്ഞൂറോളം ആംബുലൻസുകളാണ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പരിശോധിച്ചത്. കൊല്ലത്താണ് (42) ഏറ്റവുമധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്. മലപ്പുറത്ത് 41 നിയമലംഘനങ്ങളും കോഴിക്കോട് 40 നിയമലംഘനങ്ങളുമാണ് കണ്ടെത്തിയത്. തിരുവനന്തപുരം 33, പത്തനംതിട്ട 19, ആലപ്പുഴ 34, കോട്ടയം 33, ഇടുക്കി 6, എറണാകുളം 25, തൃശ്ശൂർ 39, പാലക്കാട് 13, വയനാട് 6, കണ്ണൂർ 28, കാസർകോട് 10 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്കുകൾ.
സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവ പുതുക്കാതിരിക്കുക, പൊലൂഷൻ സർട്ടിഫിക്കറ്റ് പുതുക്കാതിരിക്കുക, ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനം ഓടിക്കുക, അമിതമായ ഉച്ചത്തിലുള്ള ഹോൺ ഉപയോഗിക്കൽ, യൂണിഫോം ധരിക്കാതെ വാഹനം ഓടിക്കൽ അടക്കമുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.