ഇടുക്കി : സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ മൂന്നാറില്‍ ദേശിയപാതയിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. യുവാക്കള്‍ ഓടിച്ച വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത് ശാന്തമ്പാറ പൊലീസിന് കൈമാറി. ബൈസൺവാലി സ്വാദേശിയുടെ വാഹനമാണ് കസ്‌റ്റഡിയിൽ എടുത്തത്.
വാഹനം ഓടിച്ചിരുന്നയാള്‍ക്ക് തിങ്കളാഴ്‌ച മോട്ടോര്‍ വാഹനവകുപ്പിന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിട്ടുണ്ട്. വാഹന ഉടമയോടും ഹിയറിങ്ങിനു ഹാജരാജൻ നിർദേശം നൽകിയിട്ടുണ്ട്. വാഹനമോടിച്ചിരുന്നയാളുടെ ലൈസന്‍സ് നിശ്ചിത കാലയളവിലേക്ക് റദ്ദ് ചെയ്യുമെന്നും വാഹനത്തിന്‍റെ രജിസ്‌ട്രേഷൻ മരവിപ്പിക്കുമെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പ് നൽകുന്ന വിവരം. സംഭവത്തില്‍ ശാന്തൻപാറ പൊലീസും കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച്ച കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ലോക്കാട് ഭാഗത്തുകൂടി അപകടകരമായ രീതിയില്‍ യുവാക്കള്‍ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന കാറിനുള്ളില്‍ നിന്നും യുവാക്കള്‍ വാഹനത്തിന്‍റെ വിന്‍ഡോ വഴി തലയും ശരീരവും പുറത്തിട്ടാണ് സാഹസിക യാത്രക്ക് മുതിര്‍ന്നത്. വീതി കൂടിയ പാതയിലൂടെ മറ്റു വാഹനങ്ങളെ കണക്കിലെടുക്കാതെ അപകടകരമായി സഞ്ചരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ ദൃശ്യങ്ങൾ വൈറലായതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് നിയമനടപടി സ്വീകരിച്ചിരിച്ചത്.
Also Read: സംസ്ഥാനപാതയിൽ അവകാശമുന്നയിച്ച് എൻഐടി മാനേജ്‌മെന്‍റ് ; പ്രക്ഷോഭത്തിന് ഒരുങ്ങി സർവകക്ഷി