കണ്ണൂർ : ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി സിപിഎം നിർമിച്ച രക്തസാക്ഷി സ്‌മാരകത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രാദേശികമായ വിഷയമാണ്. അത് പർവതീകരിച്ച് ചർച്ചയാക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ ജില്ല കമ്മിറ്റി മറുപടി പറയുമെന്ന് പറഞ്ഞ അദ്ദേഹം ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി. സോളാർ വിഷയം അവസാനിച്ചതാണെന്നും അതിൽ ഇനി മറുപടി പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് എതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി ആഞ്ഞടിച്ചു. ബിജെപിക്ക് ഭൂരിപക്ഷം കിട്ടാൻ സാധ്യത ഇല്ല എന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്. ജനഹിതം എതിരായപ്പോൾ മോദി പച്ചക്ക് വർഗീയത പറയുന്നു. മുസ്‌ലിങ്ങൾക്ക് എതിരായി വർഗീയ പ്രചരണം നടത്തുന്നു. ഇത്ര ചീപ്പായ ഒരു പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ഇന്ത്യ പുതിയ ദിശയിലേക്ക് മാറും. കേരളത്തിൽ ഒരു ബിജെപി സ്ഥാനാർഥിയും വിജയിക്കില്ലെന്നും ഭൂരിപക്ഷം സീറ്റും എൽഡിഎഫിന് ലഭിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ALSO READ: ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് കണ്ണൂരില്‍ സിപിഎം സ്‌മാരകം