തിരുവനന്തപുരം : എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പിന് മുൻപ് അവസാനമായി നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് ശേഷമേ ഇനി മാധ്യമങ്ങളെ കാണു. 20 നിയോജക മണ്ഡലങ്ങളിലും പ്രതീക്ഷയോടെയാണ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്.
ബിജെപി രണ്ടാം സ്ഥാനത്ത് വരാത്ത തരത്തിൽ എല്ലാ മണ്ഡലങ്ങളിലും പിന്നോട്ട് തള്ളപ്പെടും. ബിജെപിക്കെതിരെ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ തവണ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത്. ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് എത്താത്ത രീതിയിൽ ബിജെപിയെ തളയ്ക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പ്രധാനമന്ത്രി വർഗീയ വിഷം തുപ്പുന്നു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർഗീയ പരാമർശങ്ങളെയും സിപിഎം സംസ്ഥാന സെക്രട്ടറി രൂക്ഷമായി വിമർശിച്ചു. ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ ബിജെപിക്ക് തോൽവി ഭയം പിടികൂടി. ഇതോടെയാണ് അസുഖം തുടങ്ങിയത്. വർഗീയ ഭ്രാന്താണ് പ്രധാമന്ത്രിയുടെ പ്രചരണം. പച്ചയായ വർഗീയത പ്രധാനമന്ത്രി പറയുന്നു.
വർഗീയ വിഷം ചീറ്റുന്ന പ്രസംഗമാണ് പ്രധാനമന്ത്രി രാജസ്ഥാനിൽ നടത്തിയത്. വോട്ടെടുപ്പിന്‍റെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോഴാണ് ഈ അസുഖം തുടങ്ങിയത്. തെരഞ്ഞെടുപ്പിൽ വർഗീയത പ്രചരിപ്പിക്കുന്ന ഈ പ്രസംഗത്തിനെതിരെ സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി.
പരാതി കണ്ടില്ലെന്ന മട്ടിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാട്. മോദിയും കൂട്ടരും കണ്ടെത്തിയവരാണ് ഈ തെരഞ്ഞെടുപ്പ് കമ്മിഷൻ. തങ്ങളെ നിശ്ചയിച്ചവരോട് കൂറ് പുലർത്തി പോരുന്ന നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചത്. ഇത് പകൽ വെളിച്ചം പോലെ പൊതുജനങ്ങൾക്ക് മനസിലാകുന്നു.
കേരള സ്റ്റോറി പ്രദർശന സമയത്തും ഇതേ നിസംഗത തന്നെയാണ് പ്രകടിപ്പിച്ചത്. എത്ര ശക്തമത്തായ വർഗീയ പ്രചരണം നടത്തിയാലും നടപടി സ്വീകരിക്കാത്ത സാഹചര്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.